//
14 മിനിറ്റ് വായിച്ചു

“ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, നുണക്കഥകൾ പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താത്പര്യക്കാർ”; സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല.ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കറുത്ത വസ്ത്രവും മാസ്കും ധരിക്കരുതെന്ന നിലപാട് സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വിശദീകരണം-

ഒട്ടേറെ ഇടപെടലുകള്‍ നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്. അതില്‍ വഴിനടക്കാന്‍ സ്വാതന്ത്ര്യം ഇല്ലാതിരുന്ന ഒരുകൂട്ടം ആളുകള്‍ക്ക് വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടി നടന്ന സമൂഹത്തിന്റെ ഇടപെടലുകള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. വഴി നടക്കാനുള്ള അവകാശം എല്ലാ അര്‍ത്ഥത്തിലും നേടിയെടുത്ത നമ്മുടെ നാട്ടില്‍ ഒരു കൂട്ടര്‍ ഇവിടെയെന്തോ വഴി തടയുകയാണെന്ന് പറഞ്ഞ് കൊടുമ്പിരികൊണ്ട പ്രചാരണം നടത്തുകയാണ്. ഈ നാട്ടില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇറങ്ങുന്ന ശക്തികള്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാവും. പ്രബുദ്ധ കേരളം അതൊന്നും ആഗ്രഹിക്കുന്നില്ല.ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ വ്യത്യസ്തമായ രീതിയിലാണ് വസ്ത്രം ധരിച്ചുകൊണ്ടിരിക്കുന്നത്. കുറച്ച് ദിവസമായി കൊടുമ്പിരികൊണ്ട മറ്റൊരു പ്രചാരണം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രചാരണം ഉണ്ടായി. ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തില്‍ ധരിക്കാന്‍ കഴിയില്ലയെന്ന്. മാസ്‌ക് ധരിക്കുന്ന കാലം ആണ്. കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാം. ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനുള്ള അവകാശത്തിനായി വലിയ പ്രക്ഷോഭം നടന്ന നാടാണിത്. അങ്ങനെയാണ് ആ അവകാശം നേടിയെടുത്തത്. നേരത്തെ മുട്ടിന് താഴെ മുണ്ടുടുക്കാനും മാറ് മറക്കാനും അവകാശമില്ലാതിരുന്നവരാണ്. അതിനെല്ലാം എതിരെ പോരാട്ടം നടന്നു. ഇവിടെ ആ അവകാശം ഹനിക്കുന്ന പ്രശ്‌നമില്ല. ചില ശക്തികള്‍ നിക്ഷിപ്ത താല്‍പര്യത്തോടെ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അതിന്റെ ഫലമാണ് കറുത്ത വസ്ത്രവും മാസ്‌കും പാടില്ലെന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നുവെന്ന് പ്രചാരണം നടത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!