സിപിഐഎം നേതാവിന്റെ പരാതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ വീണ്ടും കേസ്. കലാപാഹ്വാനശ്രമം, വ്യാജരേഖ ചമയ്ക്കല്‍, ഐടി നിയമങ്ങളുടെ 65ാം വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പാലക്കാട് കസബ പൊലീസാണ് കേസെടുത്തത്. സിപിഐഎം നേതാവ് സി പി പ്രമോദാണ് പരാതി നല്‍കിയത്. നേരത്തേ, കൊടുത്ത മൊഴികള്‍ക്ക് എതിരായ പരസ്യ പ്രസ്താവന നടത്തി സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ സ്വപ്‌ന ശ്രമിച്ചെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.പാലക്കാട് ഡിവൈഎസ്പിക്കായിരുന്നു പ്രമോദ് പരാതി നല്‍കിയിരുന്നത്. സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്താന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു.സ്വപ്‌നയുടെ മൊഴി ചിലര്‍ വിശ്വാസത്തില്‍ എടുത്ത് ആക്രമണത്തിന് മുതിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സി പി പ്രമോദ്.അതേസമയം, കെ ടി ജലീലിന്റെ പരാതിയില്‍ എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചിരുന്നു. കന്റോണ്‍മെന്റ് പൊലീസ് ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പി സി ജോര്‍ജ്ജ്, സ്വപ്‌ന സുരേഷ് എന്നിവരെ പ്രതികളാക്കി കേസ് എടുത്തിട്ടുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്‌നയുടെ വാദം.