നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസ് പരിഗണിക്കുന്നതില്‍ നിന്നും സ്വമേധയാ ജഡ്ജി പിന്മാറുകയായിരുന്നു. കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്ന് പരിശോധിക്കാനാണ് എഫ്എസ്എല്‍ പരിശോധന. ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് വിചാരണക്കോടതിയില്‍ അനുമതിയില്ലാതെ തുറന്നതിന് എതിരെയായിരുന്നു പ്രോസിക്യൂഷന്‍ ഹര്‍ജി.നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ലാ കോടതിയില്‍ ജഡ്ജ് കൗസര്‍ എടപ്പഗത്തായിരുന്നു പരിഗണിച്ചിരുന്നത്. പിന്നീട് അദ്ദേഹം ഹൈക്കോടതി ജസ്റ്റിസ് പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് തന്റെ ഹര്‍ജിയില്‍ നിന്നും പിന്‍മാറണമെന്ന ആവശ്യം അതിജീവിത ഉയര്‍ത്തിയത്. 479-ാം വകുപ്പ് അനുസരിച്ച് ജസ്റ്റിസ് എടപ്പഗത്ത് മാറി നില്‍ക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു.