മൂന്നാം ലോക കേരളസഭയുടെ സമ്മേളനം ഇന്ന് ആരംഭിക്കും. മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ 182 പ്രവാസികളും, 169 ജനപ്രതിനിധികളും പങ്കെടുക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന പൊതു സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. 65 രാജ്യങ്ങളുടെയും, 21 സംസ്ഥാനങ്ങളുടെയും പ്രാധിനിധ്യം ഉറപ്പാക്കിയതായി നിയമസഭാ സ്പീക്കര്‍ എം ബി രാജേഷും നോര്‍ക്കാ റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണനും അറിയിച്ചു.സഭാംഗങ്ങളില്‍ 104 പേര് ഇന്ത്യക്ക് പുറത്തു നിന്നുള്ള പ്രവാസികളാണ്. 36 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 12 പേര് തിരികെ എത്തിയ പ്രവാസികളുമാണ്. 30 വിശിഷ്ട പ്രവാസികള്‍ ഉണ്ട്. നിയമസഭാ മന്ദിരത്തിലെ വേദിയില്‍ 17നും 18നും കേരളസഭ ചേരും. 17ന് രാവിലെ 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സമീപന രേഖയും സമ്മേളനത്തില്‍ സമര്‍പ്പിക്കും. സഭാ സ്പീക്കര്‍ നടപടികള്‍ വിവരിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കേന്ദ്ര മന്ത്രി വി മുരളീധരന് എന്നിവര്‍ സംസാരിക്കും.ഉച്ചയ്ക്ക് ശേഷം പ്രത്യേക ഹാളുകളില്‍ ഏഴ് മേഖലാ യോഗം ചേരും. എട്ട് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടക്കും. 18ന് മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കും. സ്പീക്കറുടെ സമാപന പ്രസംഗത്തോടെ സമ്മേളന നടപടി അവസാനിക്കും. സമ്മേളന നടത്തിപ്പിനായി 3 കോടി രൂപയും സാംസ്കാരികോത്സവത്തിനായി 1 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രളയം, കൊവിഡ്, യുക്രൈന് യുദ്ധം എന്നീ വിഷയങ്ങളുയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയാണ് മൂന്നാം ലോക കേരളസഭ സമ്മേളിക്കുന്നത്.