സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് മുന്‍ സ്പീക്കറും നോര്‍ക്കാ റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന്. ശൂന്യതയില്‍ നിന്ന് ഉന്നയിച്ച ആരോപണങ്ങളാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ കോളേജ് തുടങ്ങിയിട്ടില്ല. അതിനായി സ്ഥലം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.ഷാര്‍ജ ഭരണാധികാരിയുമായി താന്‍ ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തിയിട്ടില്ല. യുഎഇ കോണ്‍സല്‍ ജനറലിന്റെ നമ്പര്‍ തന്റെ കൈവശമില്ലെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു. കുറ്റപത്രത്തില്‍ എവിടെയും ഇക്കാര്യം പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി കൊടുക്കാന്‍ തക്കം താന്‍ വളര്‍ന്നോ എന്നും അദ്ദേഹം ചോദിച്ചു. സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് മുന്‍ സ്പീക്കര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചത്.സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളേജില്‍ ഷാര്‍ജയില്‍ ഭൂമി ലഭിക്കുന്നതിന് പി ശ്രീരാമകൃഷ്ണന് ഇടപെട്ടുവെന്നാണ് സ്വപ്നയുടെ ആരോപണം. ഇതിനായി ഒരു ബാഗ് നിറയെ പണം കോണ്‍സല്‍ ജനറലിന് നല്‍കിയെന്നും ആരോപിക്കുന്നുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ഭാര്യ കമല, വീണ, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കര്‍ എന്നവര്‍ക്കെതിരെയാണ് സത്യവാങ്മൂലത്തില്‍ ആരോപണം ഉന്നയിക്കുന്നത്. മുന്‍ മന്ത്രി കെ ടി ജലീലിന്റെ ബിനാമിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ളൈ ജാക്ക് ലോജസ്റ്റിക് ഉടമ മാധവന് വാര്യരെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. രഹസ്യമൊഴിക്ക് മുമ്പ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.