കൊച്ചി മെട്രോ സർവീസ് തുടങ്ങിയിട്ട് ഇന്ന് അഞ്ചു വർഷം തികയുന്നു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അഞ്ച് രൂപ നിരക്കിൽ യാത്ര ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ അധികൃതർ. മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്കു യാത്ര ചെയ്താലും ഈ നിരക്കിൽ യാത്ര ചെയ്യാം. എത്ര തവണ യാത്ര ചെയ്യണമെങ്കിലും ഓരോ യാത്രയ്ക്കും അഞ്ചു രൂപ ടിക്കറ്റ് എടുത്താൽ മതി. മെട്രോയിൽ കൂടുതൽ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്കു മെട്രോ പരിചയപ്പെടുത്തുക എന്നതാണു ഇതിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് വർഷത്തിനിടയിൽ രണ്ടുവട്ടം ഒരു ലക്ഷത്തിനു മേൽ യാത്രക്കാർ മെട്രോയിൽ കയറിയിട്ടുണ്ട്. ടിക്കറ്റ് ചാർജ് പകുതി കുറച്ച ദിവസമായിരുന്നു ഇതിലൊന്ന്. ആലുവയിൽ നിന്നു പേട്ടയിലേക്ക് യാത്ര ആയാലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാവും ടിക്കറ്റ് നിരക്ക്.
2017ൽ ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചത്. ജൂൺ 19 ന് പൊതുജനങ്ങൾക്കായി കൊച്ചി മെട്രോ തുറന്ന് പ്രവർത്തനം ആരംഭിച്ചു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജൂൺ മാസം ആദ്യം മുതൽ 17വരെ നിരവധി പരിപാടികളാണ് മെട്രോ സംഘടിപ്പിച്ചത്. കൊവിഡ് മഹാമാരിക്ക് മുൻപ് മെട്രോയിലെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 65000 ആയിരുന്നു. എന്നാൽ ലോക്ഡൗണിനു ശേഷം സർവീസ് പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണം 2000 വരെ താഴ്ന്നു. നിലവിൽ 72000 ആണ് ശരാശരി കണക്ക്. കൂടുതൽ ആളുകളിലേക്ക് എത്തിച്ച് പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം ആക്കുകയാണു ലക്ഷ്യം എന്നതാണ് കെഎംആർഎല്ലിന്റെ ലക്ഷ്യം.