///
12 മിനിറ്റ് വായിച്ചു

രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെയും രവിചന്ദ്രന്റേയും മോചന ഹർജി മദ്രാസ് ഹെക്കോടതി തളളി

രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മോചനം ആവശ്യപ്പെട്ട് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഭരണഘടന ആർട്ടിക്കിൾ 142 പ്രകാരം പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി, ജസ്റ്റിസ് എൻ മാല എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചിന്റെതാണ് ഉത്തരവ്. പേരറിവാളന് മോചനം നൽകിയ ഉത്തരവ് പ്രകാരം തങ്ങൾക്കും മോചനം നൽകണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം.പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.രാജീവ് ഗാന്ധി വധക്കേസിൽ മറ്റ് ആറ് പേർക്കൊപ്പം ശിക്ഷിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എജി പേരറിവാളനെ മോചിപ്പിക്കാൻ കഴിഞ്ഞ മാസം 18നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ആർട്ടിക്കിൾ 142 പ്രകാരം പ്രത്യേകാധികാരം ഉപയോഗിച്ചായിരുന്നു പേരറിവാളിനെ വിട്ടയച്ചത്.

31 വർഷത്തെ ജയിൽവാസത്തിന് ശേഷമായിരുന്നു പേരറിവാള​ന്റെ മോചനം. ശിക്ഷ ജീവപര്യന്തമായി കുറക്കുകയായിരുന്നു. ജയിലിലെ പെരുമാറ്റം, ആരോഗ്യനില, ജയിലിൽ നിന്ന് നേടിയ വിദ്യാഭ്യാസ യോഗ്യത, 2015 മുതലുള്ള ദയാഹർജി എന്നിവ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.പത്തൊൻപതാമത്തെ വയസ്സിലാണ് പേരറിവാളൻ അറസ്റ്റിലാകുന്നത്. 1991 ജൂൺ 11ന് പെരിയാർ ചെന്നൈയിലെ തിഡലിൽവച്ചായിരുന്നു സിബിഐ സംഘം പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. രാജീവ് ഗാന്ധിയെ വധിക്കാനായി കൊലയാളികൾക്ക് സ്‌ഫോടക വസ്തുക്കൾക്കായി ഒമ്പത് വാട്ടിന്റെ രണ്ട് ബാറ്ററികൾ വാങ്ങിക്കൊടുത്തു എന്നതായിരുന്നു കുറ്റം. അന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. എന്നാൽ ബാറ്ററി വാങ്ങി നൽകിയത് എന്തിന് വേണ്ടിയാണെന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനു പിന്നാലെ പേരറിവാളന്റെ മോചനത്തിനായി വിവിധ കോണുകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ അദ്ദേഹത്തിന്റെ മോചനത്തിനായി രംഗത്തെത്തിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!