///
23 മിനിറ്റ് വായിച്ചു

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് നിയമനം

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് നിയമനം. മലയാള വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ റാങ്ക് ലിസ്റ്റ് സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. വിവാദത്തെ തുടർന്ന് മാസങ്ങളായി മാറ്റിവെച്ചിരുന്ന ലിസ്റ്റിനാണ് സിൻഡിക്കേറ്റ് അംഗീകാരം നൽകിയത്.ഇന്ന് ചേർന്ന കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് അസ്സോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റ് അംഗീകരിച്ചത്. പ്രിയ വർഗ്ഗീസിന്റെ നിയമനത്തിന് അനുകൂലമായ നിയമോപദേശം സർവകലാശാല വാങ്ങിയ ശേഷമാണ് മാസങ്ങളായി തടഞ്ഞുവെച്ച് ലിസ്റ്റ് അംഗീകരിച്ചത്. അടിസ്ഥാന യോഗ്യതയായ എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ലെന്ന ആക്ഷേപത്തെ തുടർന്നാണ് പ്രിയ വർഗ്ഗീസിന്റെ നിയമനം വിവാദമായത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയയെ പിൻവാതിൽ വഴി നിയമിക്കാൻ നീക്കം നടക്കുന്നു എന്നായിരുന്നു ആക്ഷേപം.

സർവകലാശാലാ തയ്യാറാക്കിയ ആറുപേരുടെ ചുരുക്കപ്പട്ടികയിൽ പ്രിയയും ഇടംപിടിച്ചപ്പോൾ ആക്ഷേപവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും രംഗത്ത് എത്തിയിരുന്നു.2012 കേരള വർമ്മ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി ചേർന്ന പ്രിയക്ക് എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ലെന്നായിരുന്നു ക്യാമ്പയിൻ കമ്മിറ്റിയുടെ ആരോപണം. അതേസമയം പ്രിയക്ക് ആവശ്യമായ യോഗ്യതകൾ ഉണ്ട് എന്നാണ് സർവകലാശാലയുടെ നിലപാട്. എന്നാൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിഷയത്തിൽ നിയമോപദേശം തേടാൻ സർവകലാശാല തീരുമാനിക്കുകയായിരുന്നു.

പ്രിയ വർഗീസിനു നിയമനം നൽകുവാനുള്ള സിൻഡിക്കേറ്റ് തീരുമാനം വി സി നിയമനത്തിനുള്ള പ്രത്യുപകരമാണെന്ന് സെനറ്റ് അംഗം ഡോ. ആർ. കെ. ബിജു ആരോപിച്ചു. “ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് അംഗീകരിച്ചത്. വി.സിയുടെ കാലാവധി തീരുന്നതിനുമുൻപ് തന്നെ ധൃതി പിടിച്ച് നിയമനം നൽകുവാനുള്ള തീരുമാനമെടുത്തത് വീണ്ടും താൽസ്ഥാനത്ത് തുടരുന്നതിന് വേണ്ടിയായിരുന്നു. പക്ഷെ യുജിസി നിഷ്കർഷിക്കുന്ന പ്രവർത്തന പരിചയം ഇല്ലെന്നു മനസിലാക്കിയതിനാൽ പുറകോട്ട് പോകുകയും വിവാദങ്ങൾ കേട്ടടങ്ങിയതിനു ശേഷം  നിയമനം നൽകുവാൻ തീരുമാനിക്കുകയും ആയിരുന്നു. ” ഡോ ബിജു പ്രസ്താവനയിൽ പറഞ്ഞു. സ്വജന പക്ഷപാതത്തിനു കൂട്ട് നിൽക്കുന്ന നിലപാടാണ് വൈസ് ചാൻസിലർ സ്വീകരിക്കുന്നത് എന്നും ഡോ. ബിജു ആരോപിച്ചു.

നിയമ നടപടികളുമായി സർവകലാശാല മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ പ്രതിപക്ഷ അനുകൂല സംഘടനകൾ പ്രക്ഷോഭത്തിലേക്ക് നീങ്ങും. അനധികൃത നിയമനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.പ്രിയ വർഗ്ഗീസ് സ്റ്റുഡൻറ്സ് സർവീസ് ഡയറക്ടറായി നേരഞ്ഞെ കണ്ണൂർ സർവകലാശാലയിൽ പ്രവർത്തിച്ചിരുന്നു. തൃശൂർ കേരള വർമ കോളേജിലെ അസി.പ്രൊഫസറായിരുന്ന പ്രിയ ഡപ്യു ട്ടേഷനിലാണ് കണ്ണൂർ സർവ്വകലാശാലയിൽ എത്തിയത്. ഈ കാലയളവിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെടുന്നു എന്ന് കാണിച്ച് പ്രിയ വർഗീസിന് എതിരെ കെ എസ് യു പരാതി നൽകിയിരുന്നു.

കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ കേരളത്തിലെ  സി.പി..എം ഓഫീസുകളിലും വീടുകളിലും ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് കെ.കെ.രാഗേഷ് കുടുംബസമേതം പങ്കാളികളായത്. കെ.കെ.രാഗേഷിന് ഒപ്പം കണ്ണൂർ സർവ്വകലാശാല സ്റ്റുഡൻറ്സ് സർവീസ് ഡയറക്ടറായിരുന്ന പ്രിയ വർഗീസ് സി പി എം പ്രതിഷേധ സമരത്തിൽ പങ്കെടുത്തതാണ് വിവാദത്തിലായത്. കുടുംബത്തിനുമൊപ്പം പ്രതിഷേധ സമരത്തിൽ പങ്കെടുത്ത വീഡിയോ കെ.കെ.രാഗേഷ് എംപി തന്നെയാണ് അന്ന് ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.സർവ്വകലാശാലയിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന പ്രിയ വർഗീസ് രാഷ്ട്രിയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് ജീവനക്കാർ അനുവർത്തിക്കേണ്ട ചട്ടങ്ങളുടെ ലംഘനമാണ് എന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആരോപണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!