കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നുവെന്ന പരാമര്‍ശം തിരുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് മാധ്യമങ്ങളില്‍ വന്നിട്ടുള്ളത്. ചില കേന്ദ്ര സര്‍വകലാശാലകള്‍ കേരളത്തിലെ ഫലത്തെ വിമര്‍ശിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അതാണ് താന്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വി ശിവന്‍കുട്ടിയുടെ വാക്കുകള്‍:
കൊവിഡ് കാലത്ത് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടു പോലും കേരളത്തിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും നടത്തിയ കഠിന പ്രയത്നത്തിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷത്തെ ഫലം പ്രസിദ്ധീകരിക്കാന്‍ ഇടയായത്.മുഖ്യമായും ആളുകള്‍ ചര്‍ച്ച ചെയ്തത് എസ്എസ്എല്‍സി ഫലത്തെക്കുറിച്ചാണ്. സാമൂഹിക മാധ്യമങ്ങളില്‍ കുറേപ്പേര് ആക്ഷേപിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അന്യസംസ്ഥാന തൊഴിലാളിക്ക് പോലും ശിവന്‍കുട്ടി മന്ത്രി എ പ്ലസ് കൊടുത്തുവെന്ന് പറഞ്ഞു. ഒരു കാരണവശാലും കുട്ടികള്‍ക്ക് കിട്ടിയ അംഗീകാരത്തെ കളിയാക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. വേണമെങ്കില്‍ എന്നെ കളിയാക്കിക്കോളൂ എന്നും സഭയില്‍ പറയുകയുണ്ടായി.
അതിന് ശേഷം ഡല്‍ഹി കേന്ദ്രീകരിച്ചുള്ള കേന്ദ്ര യുണിവേഴ്സിറ്റികളുടെ ചില വക്താക്കള്‍ കേരളത്തിലെ എസ്എസ്എല്‍സി പരീക്ഷാ ഫലത്തെ വിമര്‍ശിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അവര്‍ എസ്എസ്എല്‍സിയുടേയും ഹയര്‍ സെക്കന്‍ഡറിയുടേയും മാര്‍ക്ക് ഉന്നത പഠനത്തിന് പരിഗണിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞു. അവര്‍ പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ചു. അതാണ് ഇതിന്റെ സാഹചര്യം. ഈ സാഹചര്യത്തെ സംബന്ധിച്ചിടത്തോളം ഇന്നലെ നടന്ന പരിപാടിയില്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ചില മാധ്യമങ്ങളില്‍ വന്നിട്ടുള്ളത്. ഇത്രയും വിശദീകരിച്ചതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.