//
11 മിനിറ്റ് വായിച്ചു

പ്രതാപ് പോത്തന് വിട; സംസ്കാരം രാവിലെ 10 മണിക്ക് ചെന്നൈയിൽ

സംവിധായകനും നടനുമായ പ്രതാപ് പോത്തന് വിട. അദ്ദേഹത്തിന്റെ സംസ്കാരം രാവിലെ 10 മണിക്ക് ചെന്നൈ ന്യൂ ആവഡിയിൽ നടക്കും.നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാർത്ത മലയാളികൾ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിർമാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്നയാളാണ് പ്രതാപ് പോത്തൻ.

1952ൽ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.

മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയ മികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായത്.

1985ൽ നടി രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ അവർ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1991-ൽ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012-ൽ അവസാനിച്ചു.

ഒരിടവേളയ്ക്ക് ശേഷം 2005 ലാണ് പ്രതാപ് പോത്തൻ മലയാള സിനിമയിൽ സജീവമാകുന്നത്. തന്മാത്രയിലൂടെയായിരുന്നു ആ തിരിച്ചുവരവ്. പിന്നീട് 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ, ആറ് സുന്ദരിമാരുടെ കഥ, ഇടുക്കി ഗോൾഡ് , ബാംഗ്ലൂർ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ നമുക്ക് മറക്കാനാകാത്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു. മോഹൻലാലിന്റെ ബറോസാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!