///
8 മിനിറ്റ് വായിച്ചു

നഗരത്തിൽ അലഞ്ഞുതിരിയുന്ന പശുക്കളെ പിടിച്ചുകെട്ടി കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ : നഗരത്തിലെ യാത്രക്കാരുടെ ‘പ്രശ്നം’ പിടിച്ചുകെട്ടാൻ കോർപ്പറേഷൻ. ഇതിനായി രാത്രിയിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഒരുസംഘം റോഡിലിറങ്ങി. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിക്കാനായാണ് രാത്രിയിൽ കൗൺസിലർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും കയറുമായെത്തിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് കന്നുകാലികളെ പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ തയ്യിലിൽനിന്നാണ് കന്നുകാലികളെ പിടിക്കാൻ തുടങ്ങിയത്. 11.45-ന് ഒരു പശുവിനെ പിടികൂടി.കയറുപയോഗിച്ച് കുരുക്കിട്ടാണ് കന്നുകാലികളെ പിടികൂടുന്നത്. ഇവയെ കോർപ്പറേഷന്റെ പാറക്കണ്ടിയിലുള്ള കാലിത്തൊഴുത്തിലേക്ക് മാറ്റും. ഏഴുദിവസം വരെ ഉടമസ്ഥർക്കായി കാത്തുനിൽക്കും. ആരും അന്വേഷിച്ചെത്തിയില്ലെങ്കിൽ ലേലംചെയ്യാനാണ് തീരുമാനം. ഇതിന് മുൻപ്‌ പയ്യാമ്പലത്തുനിന്ന് പിടികൂടിയ പശുവിനെ 45,000 രൂപയ്ക്കാണ് ലേലം ചെയ്തത്.

കണ്ണൂർ സിറ്റി, തയ്യിൽ, തെക്കിബസാർ, പഴയ ബസ്‌സ്റ്റാൻഡ്‌ പരിസരം, പാറക്കണ്ടി, റെയിൽവെ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലെല്ലാം രാപകൽ അലഞ്ഞനടക്കുന്ന കന്നുകാലികൾ യാത്രക്കാർക്ക് ശല്യമാണ്. നിരവധി വാഹനാപകടങ്ങൾ ഇതുകാരണം നടന്നിട്ടുണ്ട്. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.പി.രാജേഷ്, സിയാദ് തങ്ങൾ, കൗൺസിലർ‌ മുസ്‌ലിഹ് മഠത്തിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉദയകുമാർ, ബിജോയ്, സതീഷ്, റെനിൽരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!