//
16 മിനിറ്റ് വായിച്ചു

“അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല”; കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി

കെ.കെ രമ എംഎല്‍എക്കെതിരായ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി. വിധിയെന്ന പരാമര്‍ശം കമ്യൂണിസ്റ്റുകാരനായ താന്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് എം എം മണി പ്രതികരിച്ചു. ചെയറിന്റെ നിരീക്ഷണത്തെ മാനിക്കുന്നു. ഉദ്ദേശശുദ്ധി വ്യക്തമാക്കാന്‍ അപ്പോള്‍ തന്നെ ശ്രമിച്ചതാണെന്നും പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും എം.എം.മണി വ്യക്തമാക്കി.

‘ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല. അവരുടേതായ വിധി എന്ന് പറഞ്ഞു ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ആ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു.’. അദ്ദേഹം പറഞ്ഞു.അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ എം എം മണിയെ തള്ളിയ സ്പീക്കര്‍, സഭയില്‍ അണ്‍പാര്‍ലിമെന്ററിവാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാകാമെന്ന് റൂളിങില്‍ വ്യക്തമാക്കി.

‘പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലിമെന്ററിയല്ലാത്തതും എന്നാല്‍ എതിര്‍പ്പുള്ളതുമായ പരാമര്‍ശങ്ങളില്‍ സഭാ രേഖകള്‍ വിശദമായി പരിശോധിച്ച് പിന്നീട് തീര്‍പ്പുകല്പിക്കലാണ് രീതിയെന്ന് അറിയിച്ചിരുന്നു. നമ്മുടെ സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അണ്‍പാര്‍ലിമെന്ററിയായ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാകാം.

മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അര്‍ത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിനു തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാവണമെന്നില്ല. വാക്കുകള്‍ അതതു കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്.ഫ്യൂഡല്‍ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുദ്ധമായിരിക്കും. അതുകൊണ്ടാണ് നേരത്തെ സാര്‍വത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വാങ്‌മൊഴികള്‍ എന്നിവ പലതും ഇന്ന് കാലഹരണപ്പെട്ടതും ഉപയോഗിച്ചു കൂടാത്തതുമാകുന്നത്. മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകള്‍, പരിമിതികള്‍, ചെയ്യുന്ന തൊഴില്‍, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്ഥകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്‌കൃതമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അവയെല്ലാം സാമൂഹിക വളര്‍ച്ചയ്ക്കും ജനാധിപത്യ ബോധത്തിന്റെ വികാസത്തിനുമനുസരിച്ച് ഉപേക്ഷിക്കപ്പെടേണ്ടവയാണ് എന്ന ഒരു അവബോധം സമൂഹത്തിലാകെ വളര്‍ന്നു വരുന്നുണ്ട്’.സ്പീക്കറുടെ റൂളിങില്‍ വ്യക്തമാക്കുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!