/
9 മിനിറ്റ് വായിച്ചു

കണ്ണൂർ ചിറക്കലിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കണ്ണൂർ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ നന്ദിത പി കിഷോർ (16) ആണ് മരിച്ചത്. അലവിൽ നിച്ചുവയൽ സ്വദേശിയാണ് നന്ദിത. ഇന്ന് രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്. സ്കൂളിലേക്ക് പോകുന്നതിന് റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

രാവിലെ ഏഴരയോടെയാണ് ദാരുണ സംഭവമുണ്ടായത്. അമ്മക്കൊപ്പമെത്തി കാറിൽ നിന്നും ഇറങ്ങി റെയിൽവേ ഗേറ്റിന് മറുവശത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസിലേക്ക് കയറാനായി ഓടിപ്പോകുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്. വൈകിയോടുന്ന പരശുറാം എക്സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. സാധാരണ അമ്മയാണ് കുട്ടിയെ സ്കൂളിലേക്ക് ബസ് കയറ്റി വിടുന്നതിന് വേണ്ടി കാറിൽ എത്തിച്ചിരുന്നത്. ഇന്ന് വൈകിയെത്തിയ  പരശുറാം എക്സ്പ്രസ് കടന്നുപോകുന്നതിന് വേണ്ടി റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് സ്കൂൾ ബസ് റെയിൽവേ ഗേറ്റിന് മറുവശത്ത് വന്നു. ഇതോടെ കാറിൽ നിന്നിറങ്ങിയ കുട്ടി വേഗത്തിൽ പാളം മുറിച്ച് കടക്കുകയായിരുന്നു. തലയുടെ ഭാഗത്താണ് ട്രെയിൻ ഇടിച്ചത്.

സ്കൂൾ ബസ് നേരം വൈകിയാൽ കുട്ടികളെ കൂട്ടാതെ പോകുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ആ സാഹചര്യത്തിലാകാം കുട്ടി ഓടി പാളം മുറിച്ച് കടക്കാൻ ശ്രമിച്ചതെന്നും ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് റെയിൽവേ ഗേറ്റ് അടച്ചതിനാൽ സ്കൂൾ ബസ് പോകുകയും കുട്ടിക്ക് ഓട്ടോയിൽ സ്കൂളിലേക്ക് പോകേണ്ടി വന്നിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!