പി ബിജുവിന്റെ പേരില്‍ ഡിവൈഎഫ്ഐയില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന വാര്‍ത്തകള്‍ തള്ളി ഭാര്യ ഹര്‍ഷ ബിജു. ഡിവൈഎഫ്ഐയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളാണ് താന്‍. അതുകൊണ്ട് തന്നെ ബിജുവിന്റെ പേരില്‍ ഡിവൈഎഫ്ഐയുടെ ഒരു ഘടകമോ പ്രവര്‍ത്തകനോ ഭാരവാഹിയോ ഇത്തരത്തിലുള്ള ഒരു സാമ്പത്തിക ക്രമക്കേട് നടത്തില്ലെന്ന് ഉറച്ച ബോധ്യം തനിക്കുണ്ടെന്ന് ഹര്‍ഷ വ്യക്തമാക്കി.
മാധ്യമങ്ങള്‍ക്ക് അതൊരു ദിവസത്തെ വാര്‍ത്ത ആയിരിക്കാം. പക്ഷെ കുടുംബാംഗങ്ങളോടൊപ്പം ബിജുവിനെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ ഇന്നേ ദിവസത്തെ സമാധാനത്തെയും സന്തോഷത്തെയുമാണത് ബാധിച്ചതെന്ന് ഹര്‍ഷ പറഞ്ഞു.
പി ബിജുവിന്റെ ഭാര്യ ഹര്‍ഷ പറഞ്ഞത്:
ജീവിതത്തില്‍ പല തരത്തിലുള്ള വൈകാരികതയുടെ ഘട്ടങ്ങള്‍ ഉണ്ടാകും, അതില്‍ നിന്ന് പുറത്തു കടക്കുക എന്നുള്ളത് വ്യക്തികളെ ആശ്രയിച്ചിരിക്കും, ചിലര്‍ ചിലപ്പോള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കും ചിലര്‍ തനിച്ചിരുന്നു കരയും, ചിലര്‍ കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം യഥാര്ഥ്യത്തെ ഉള്‍ക്കൊണ്ട് തിരിച്ചു വരും.ഇതിപ്പോള്‍ പറയാന്‍ ഉണ്ടായ സാഹചര്യം ഇന്ന് അത്തരത്തിലുള്ള ഒരു ദിവസത്തിലൂടെയാണ് കടന്നു പോയത്.
രാവിലെ മുതല്‍ ബിജു സഖാവിന്റെ ഒരു ഫോട്ടോയും അതിനു ചുവടുപിടിച്ചു dyfi ക്കെതിരെ അല്ലെങ്കില്‍ ഒരു dyfi നേതാവിനെതിരെ ഒരു സാമ്പത്തിക തട്ടിപ്പും സംബന്ധിച്ച വാര്‍ത്തകള്‍ ഇടവേളകളില്ലാതെ വന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ dyfi യുടെ ഒരു ഘടകത്തിലും പ്രവര്‍ത്തിക്കുന്ന ഒരാളല്ല. പക്ഷെ dyfi എന്ന പ്രസ്ഥാനത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള ഒരാളാണ് ഞാന്‍, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരില്‍ dyfi യുടെ ഒരു ഘടകമോ ഒരു പ്രവര്‍ത്തകനോ, അതിന്റെ ഏതെങ്കിലും ഒരു ഭാരവാഹിയോ ഇത്തരത്തിലുള്ള ഒരു സാമ്പത്തിക ക്രമക്കേട് നടത്തില്ല എന്നുള്ള ഉറച്ച ബോധ്യവും എനിക്കുണ്ട്.
അതുകൊണ്ട് അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ അതിന്റെ വസ്തുതയെ സംബന്ധിച്ച് കുറച്ചെങ്കിലും നിങ്ങള്‍ ബോധവാന്മാര് ആയിരിക്കണമായിരുന്നു. നിസ്സാരം നിങ്ങള്‍ക്ക് ഇത് ഒരു ദിവസത്തെ വാര്‍ത്ത ആയിരിക്കാം. പക്ഷെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പോം അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ ഇന്നേ ദിവസത്തെ സമാധാനത്തെയും സന്തോഷത്തെയുമാണത് ബാധിച്ചത്.
നിങ്ങളുടെ മാധ്യമ strategy എന്ത് തന്നെയായാലും ശരി, അതിനെ വിളിക്കേണ്ട പേര് പൊതുമധ്യത്തില്‍ പറയുന്നത് ശരിയല്ല എന്നുള്ളതുകൊണ്ട് തല്ക്കാലം പ്രതിഷേധം രേഖപ്പെടുത്തട്ടെ.മറ്റൊന്നുകൂടി ഇതിന്റെ പേരില്‍ കണ്ണീര് വാര്‍ക്കുന്ന പല Facebook postum കാണാന്‍ ഇടയായി. ആ പരിപ്പ് ഈ കലത്തില്‍ വേവൂല്ല എന്ന് മാത്രമേ പറയുവാനുള്ളു. അനാവശ്യമായി ഒരാളില്‍ നിന്ന് പോലും ഒരു ചായ പോലും വാങ്ങി കുടിക്കാത്ത ആളായിരുന്നു സഖാവ് P ബിജുവെന്ന് അദ്ദേഹത്തെ അറിയുന്ന ഏതൊരാള്‍ക്കും അറിയും. അതിനിനി നിങ്ങളുടെ ഒത്താശയുടെ ആവശ്യം ഇല്ല.
ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജമെന്ന് ഡിവൈഎഫ്ഐ
പി ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐയും നേരത്തെ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി ചില മാധ്യമങ്ങള്‍ ഡിവൈഎഫ്ഐയെ അപകീര്‍ത്തിപ്പെടുത്താനായി നടത്തിയ നീക്കത്തെ അപലപിക്കുന്നു. പി ബിജുവിന്റെ പേര് മാധ്യമങ്ങള്‍ വലിച്ചിഴച്ച് വ്യാജവാര്‍ത്ത നല്‍കുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡിവൈഎഫ്ഐയെ സംബന്ധിച്ച് ഇങ്ങനെയൊരു ആക്ഷേപം കൊടുക്കുമ്പോള്‍ അതില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നുപോലും നേതൃത്വത്തോട് ചോദിച്ചിട്ടില്ല. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്ന ഹീനമായ തന്ത്രത്തിന്റെ ഭാഗമാണിത്. റെഡ് കെയര്‍ സെന്റര്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നില്ല. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനവും എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്തുന്നത്.
ഇങ്ങനെയൊരു മന്ദിരം വിഭാവനം ചെയ്യാന്‍ ഡിവൈഎഫ്ഐയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ഒരു പരാതിയും ഇതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐയ്ക്ക് ലഭിച്ചിട്ടില്ല. ചില മാധ്യമങ്ങള്‍ അവര്‍ക്ക് കിട്ടുന്ന പരാതി എന്ന നിലയില്‍ വാര്‍ത്തകള്‍ കൊടുക്കുകയായിരുന്നു. ഡിവൈഎഫ്ഐയ്ക്ക് ലഭിച്ച ഫണ്ടില്‍ കൃത്യമായി കണക്കുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഉണ്ട്. ഓരോ കണക്കുകളും കൃത്യമായി കയ്യിലുണ്ട്. ഇത് പരസ്യമായി തന്നെ പറയുമെന്നും ഷിജൂഖാന് വ്യക്തമാക്കിയിരുന്നു.