കണ്ണൂർ∙ നീന്തലും സൈക്ലിങ്ങും ദീർഘദൂര ഓട്ടവും ഒന്നിക്കുന്ന കടുകട്ടി കായികക്ഷമതാ മത്സരമായ യുഎഇ അയൺമാനിൽ വിജയക്കൊടി പാറിച്ച് കണ്ണൂർ സ്വദേശിയായ റീം സിദ്ദിഖ്. ഹാഫ് അയൺമാൻ 73.0 ടൈറ്റിൽ നേട്ടം സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വനിത കൂടിയാണ് റീം. ഒണ്ടേൻ റോഡ് സ്വദേശിയായ റീം 16ഉം 9ഉം വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മയാണ്. ദുബൈയിൽ എച്ച്ആർ മേഖലയിൽ ജോലി ചെയ്യുന്ന റീം ആദ്യ പരിശ്രമത്തിൽ തന്നെ ലേഡി അയൺമാൻ വിജയിയായി. 90 കിലോമീറ്റർ സൈക്ലിങ്, 21 കിലോമീറ്റർ ഓട്ടം, 1.9 കിലോമീറ്റർ നീന്തൽ എന്നിവയാണ് മത്സരത്തിലുള്ളത്.
104 കിലോമീറ്റർ (70.3 മൈൽ) ദൂരമാണ് ഒറ്റയടിക്ക് കീഴടക്കേണ്ടത്. 8.5 മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കണം. 7.15 മണിക്കൂറിലാണ് ദൂരം കീഴടക്കി റീം വിജയത്തിലെത്തിയത്. സൈക്ലിങ്ങും നീന്തലും മത്സരത്തിനായി പരിശീലിക്കുകയായിരുന്നെന്ന് റീം പറയുന്നു. ശരീരഭാരം കുറച്ച് ഫിറ്റ്നസ്സിലേക്കു മടങ്ങിവരണമെന്ന ചിന്തയാണ് വലിയ നേട്ടം കൊയ്യാൻ റീമിനെ സഹായിച്ചത്.പ്രസവശേഷം 100 കിലോയിലേക്കു വരെ ശരീര ഭാരം കൂടിയിരുന്നു. തുടർന്ന് വർക്ക് ഔട്ട് ചെയ്യാൻ തീരുമാനിച്ചു.ഇതിനിടെയാണ് സുഹൃത്തിന് കാൻസർ പിടിപെടുന്നത്.
സുഹൃത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ അവബോധ റെയ്സ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. 5 കിലോമീറ്ററായിരുന്നു റെയ്സ്. 45 മിനിറ്റുകൊണ്ടാണ് റീം റെയ്സ് പൂർത്തിയാക്കിയത്. വർക്കൗട്ടും പരിശീലനവുമെല്ലാമുണ്ടായിട്ടും ഇത്രയധികം സമയം വേണ്ടിവന്നല്ലോ എന്നാണ് റെയ്സ് കഴിഞ്ഞപ്പോൾ റീമിനു തോന്നിയത്. പിന്നീട് കൂടുതൽ ദൂരം, കുറഞ്ഞ വേഗത്തിൽ പൂർത്തിയാക്കാനുള്ള പരിശ്രമമായി. എൺപതോളം റെയ്സുകളിൽ പങ്കെടുത്തിട്ടുണ്ട്. 42 കിലോമീറ്ററുള്ള മാരത്തൺ ഉൾപ്പെടെയുള്ള റെയ്സുകളിൽ പങ്കെടുത്തു.
ബഹ്റൈനിലും ഒമാനിലും നടന്ന മാരത്തണുകളിൽ പങ്കെടുത്തിട്ടുണ്ട്. 3 മാസംകൊണ്ടാണ് അയൺമാൻ മത്സരത്തിനായി സൈക്ലിങ്ങും നീന്തലും പരിശീലിക്കുന്നത്. ദിവസം മൂന്നര മണിക്കൂർ വീതം പരിശീലനം നടത്തി. കുഞ്ഞുന്നാളിൽ സൈക്കിൾ ചവിട്ടിയ ഓർമ മാത്രമേ റീമിന് ഉണ്ടായിരുന്നുള്ളു. കുട്ടിക്കാലത്ത് കടലിൽ കളിച്ചപ്പോഴുണ്ടായ അപകടം മൂലം നീന്തലിനോട് ഭയവുമുണ്ടായിരുന്നു.
എന്നാൽ ഭയമൊക്കെ ആത്മവിശ്വാസത്തിനു മുൻപിൽ കീഴടങ്ങി. കഴിഞ്ഞ മാർച്ച് 5 ന് ദുബായ് ഭരണകൂടത്തിന്റെ പിന്തുണയോടെ അയൺമാൻ ഫൗണ്ടേഷൻ ജുമൈറയിൽ സംഘടിപ്പിച്ച അയൺമാൻ 70.3 മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2500 പേരാണ് പങ്കെടുത്തത്. ജുമൈറ കടലിലായിരുന്നു നീന്തൽ. വേഷം മാറാനുള്ള സമയം മാത്രമെടുത്ത് സൈക്ലിങ്ങിലേക്കു കടക്കണം.തുടർന്ന് 21 കിലോമീറ്റർ ഓടി ലക്ഷ്യസ്ഥാനത്ത് എത്തണമെന്നതായിരുന്നു കടമ്പ.
കേരളത്തിന്റെ ആദ്യത്തെ ലേഡി അയൺമാന് കണ്ണൂർ സൈക്ലിങ് ക്ലബിന്റെ നേതൃത്വത്തിൽ ഇന്ന് സ്വീകരണം നൽകും. 7 ന് ടൗൺ സ്ക്വയർ മുതൽ പയ്യാമ്പലം വരെ സൈക്കിൾ റൈഡും സംഘടിപ്പിക്കും. യുഎഇയിലെ കേരള റേഡേഴ്സ് ക്ലബ്ബിൽ അംഗമാണ് റീം. ഒണ്ടേൻ റോഡ് സിറ്റാഡലിൽ സിദ്ദിഖിന്റെയും പരേതയായ സീനത്തിന്റെയും മകളാണ്. ഷിപ്പിങ് കമ്പനിയിൽ ഉദ്യോഗസ്ഥനായ നൗഷെർവാനാണ് ഭർത്താവ്. മെഹ്തി, ഈസ എന്നിവരാണ് മക്കൾ.