പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിനും ഓഫീസിനും സമീപം പ്ലാറ്റ്ഫോമിൽ രൂപംകൊണ്ട വിള്ളൽ പരിഹരിക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി.പ്ലാറ്റ്ഫോമിന്റെ ദുരവസ്ഥയെക്കുറിച്ച് നാട്ടുകാർ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് ചെയർമാൻ പി.കെ.കൃഷ്ണദാസ് ഉൾപ്പെടെയുള്ളവർ ഒരാഴ്ച മുൻപ് റെയിൽവേ പ്ലാറ്റ്ഫോമും പരിസരവും സന്ദർശിച്ച് അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
പ്ലാറ്റ്ഫോമിന്റെ പാളത്തിനോടുചേർന്ന ഭാഗം ഏതുസമയവും വീഴാവുന്ന സ്ഥിതിയിലായിരുന്നു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വിള്ളൽ മാസങ്ങൾക്ക് മുൻപ് ശ്രദ്ധയിൽപ്പെട്ടിരുന്നു. സ്റ്റേഷന്റെ ഓഫീസിനടുത്ത് 20 മീറ്ററോളം ദൂരത്താണ് വിള്ളൽ ദൃശ്യമായത്.ശക്തമായ മഴയിൽ തീവണ്ടികൾ കടന്നുപോകുമ്പോൾ ഇളകിനിൽക്കുന്ന ഭാഗം വീണാൽ വലിയ അപകടത്തിനിടയാക്കുമെന്നും നാട്ടുകാർ ഭയപ്പെട്ടിരുന്നു.