കണ്ണൂർ: കണ്ണൂരിൽ നാലിടത്തുണ്ടായ ഉരുൾപൊട്ടലിന് ആക്കം കൂട്ടിയത് സമീപ പ്രദേശങ്ങളിലെ കരിങ്കൽ ക്വാറികളെന്ന് ആരോപണം.കണിച്ചാറിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ ഉരുൾപൊട്ടലുണ്ടായ ദിവസം ക്വാറികളിൽ സ്ഫോടനം നടന്നതായി ഇരിട്ടി തഹസിൽദാർ സി വി പ്രകാശൻ സ്ഥിരീകരിച്ചു. ഇതോടെ ദുരന്തത്തിന് കാരണം നെടുംപൊയിൽ ചുരത്തിന് സമീപം പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളാണെന്ന ആരോപണമുയർന്നു. പ്രദേശത്തെ ക്വാറികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയിൽ ഈ ക്വാറികളുടെ താഴ്ഭാഗങ്ങളിൽ ഉരുൾപൊട്ടി പാറക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് പതിക്കുകയായിരുന്നു.കണിച്ചാറിൽ രണ്ട് ക്വാറികൾക്കിടയിലാണ് ഉരുൾപൊട്ടലുണ്ടായത്. കഴിഞ്ഞ ദിവസമാണ് പൂളക്കുറ്റിയിൽ ഉരുൾപൊട്ടി രണ്ടര വയസുകാരി നുമ, രാജൻ, ചന്ദ്രൻ എന്നിവർ മരിച്ചത്. ശക്തമായ മഴയുളള ദിവസവും 24-ാം മൈലിലെ കരിങ്കൽ ക്വാറികളിൽ പാറ തുരന്നിരുന്നുവെന്നും ഇരിട്ടി തഹസിൽദാർ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദനാണ് ക്വാറികൾക്ക് വിലക്ക് ഏർപ്പെടുത്താൻ നിർദേശിച്ചത്.
ഉരുൾപൊട്ടലുണ്ടായ നെടുംപൊയിൽ മാനന്തവാടി ചുരം റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമാക്കിയിട്ടില്ല. പ്രദേശത്തെ ചെറു റോഡുകളും കലുങ്കുകളും തകർന്ന നിലയിലാണ്. വൈദ്യുതി ബന്ധവും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടരുകയാണ്. മലയോരത്തെ 50 കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ്. ചെറുതും വലുതുമായ കരിങ്കൽ ക്വാറികളാണ് കണിച്ചാർ, കേളകം പേരാവൂർ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്നത്.