പഴയങ്ങാടി∙ ജന്മനാ ശ്വാസനാളവും അന്നനാളവും ഒന്നിച്ച് ആയതിന്റെ തീരാദുരിതവുമായി കഴിയുന്ന വെങ്ങരയിലെ ഐനിക മോളെ തേടി കോടി പുണ്യം. ഇന്ന്, ഒന്നാം പിറന്നാൾ ദിനത്തിൽ കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ആണെങ്കിലും ലോകം എങ്ങുമുളള സുമനസ്സുകൾ ഐനികയുടെ അസുഖം മാറാൻ നിറഞ്ഞ പ്രാർഥനയിലാണ്. ഐനികയുടെ ചികിത്സയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ കൈകോർത്തപ്പോൾ 24 മണിക്കൂറിനുളളിൽ ലഭിച്ചത് 1.59 കോടി രൂപയാണ്.
അഭിഭാഷകനായ ഷെമീർ കുന്ദമംഗലത്തിന്റെ നേതൃത്വത്തിൽ ഐനിക ചികിത്സ സഹായ കമ്മിറ്റി സമൂഹ മാധ്യമങ്ങളിൽ കൂടി ചികിത്സ സഹായം തേടിയിരുന്നു. ഇന്നലെ രാവിലെ ചികിത്സയ്ക്ക് ആവശ്യമായ തുകയും കഴിഞ്ഞ് കാരുണ്യ പ്രവാഹം തുടർന്നതോടെ ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. എന്നാൽ ഐനിക ചികിത്സ സഹായ കമ്മിറ്റി വെങ്ങരയിൽ തുടങ്ങിയ ഓഫിസിലേക്ക് സഹായ ഹസ്തവുമായി സംഘടനകൾ, വ്യക്തികൾ എന്നിവർ രാവിലെ മുതൽ എത്തിയിരുന്നു.
ചികിത്സ കമ്മിറ്റി യോഗം ചേർന്നു ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് ഷെമീർ കുന്ദമംഗലം, ചെയർമാൻ ടി.പി.അബ്ബാസ് ഹാജി, ജനറൽ കൺവീനർ പി.പി.കരുണാകരൻ എന്നിവർ പറഞ്ഞു. വെങ്ങരയിലെ പണ്ടാര വളപ്പിൽ നിഷ– വി.വി.വിനോദൻ ദമ്പതികളുടെ മകളാണ് ഐനിക.