കണ്ണൂർ∙ മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിലെ നീന്തൽ കുളത്തിൽ നിന്ന് ഇ.സ്വാലിഹ ‘മുങ്ങിയെടുത്തത്’ 3 സ്വർണവും 2 വെള്ളിയും. 100, 50 മീറ്റർ ഫ്രീ സ്റ്റൈലിലും 400 മീറ്റർ ബാക്ക് സ്ട്രോക്കിലുമായിരുന്നു ഒന്നാം സ്ഥാനം. 100, 50 മീറ്റർ ബാക്ക് സ്ട്രോക്കിലാവട്ടെ രണ്ടാം സ്ഥാനം. ജില്ലാ സീനിയർ വിഭാഗം നീന്തൽ ചാംപ്യൻഷിപ്പിലാണ് ഈ നേട്ടം. കണ്ണൂർ സർവകലാശാല നീന്തൽ പരിശീലന കേന്ദ്രത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്വാലിഹ ഈ മാസം അവസാന വാരം തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ ജില്ലയുടെയും മെഡൽ പ്രതീക്ഷയാണ്.
പഴയങ്ങാടി വാദിഹുദ ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ്സുകാരി കയാക്കിങ്ങിലും കടലിലും പുഴകളിലും ദിർഘദൂര നീന്തൽ അടക്കമുള്ള സാഹസിക പരിപാടികൾ നടത്തി ശ്രദ്ധ നേടിയിരുന്നു. പരിസ്ഥിതി പ്രവർത്തകയായ സ്വാലിഹ സംസ്ഥാന സർക്കാരിന്റെ 2020ലെ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവും 2022 ലെ നന്മ മരം സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവ് കൂടിയാണ്. ഏഴോം പഞ്ചായത്തിലെ ഏണ്ടിയിൽ റഫീഖിന്റെയും കെ.വി. ജാസ്മിന്റെയും മകളാണ്. സർവകലാശാലയിലെ നീന്തൽ പരിശീലന കേന്ദ്രത്തിൽ 7 വർഷമായി അനിൽ ഫ്രാൻസിസിന് കീഴിൽ സ്വാലിഹ നീന്തൽ പരിശീലിക്കുന്നു.