മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥനോടാണ് സംഘം പണം ആവശ്യപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള ഉന്നതരുടെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഘം മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.നിലവിൽ അജ്ഞാത സംഘത്തിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊച്ചി ആസ്ഥാനമായ തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന്റെ പരാതിയിലാണ് സംഘത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈൽ ചിത്രമുള്ള 8099506915 എന്ന നമ്പറിൽ നിന്ന് ആഗസ്റ്റ് മൂന്നിന് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. സന്ദേശം അയച്ച വ്യക്തി പണം ആവശ്യപ്പെട്ടതായാണ് പൊലീസ് ഉദ്യോഗസ്ഥന്റെ പരാതി.വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകളിൽ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുൾപ്പടെ സന്ദേശങ്ങൾ ലഭിച്ചതായി സംശയിക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
ഐപിസി സെക്ഷൻ 419, 468, 471 എന്നീ വകുപ്പുകൾ ചുമത്തി വഞ്ചന കുറ്റത്തിനും ഐടി ആക്ട് സെക്ഷൻ 66 സി, 66ഡി പ്രകാരം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പും ചുമത്തിയാണ് ഇവർക്കെതിരെ സൈബർ പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥനായ സഞ്ജീബ് പട്‌ജോഷിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ സൈബർ പൊലീസ് കഴിഞ്ഞ മാസം കേസെടുത്തിരുന്നു. ഇതിനുപുറമെ കോഴിക്കോട് ജില്ലാ കളക്ടർ നരസിംഹുഗരി ടി എൽ റെഡ്ഡിയുടെ പേരിലും വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി സംഘം തട്ടിപ്പ് നടത്തിയിരുന്നു.
മാർച്ചിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്ന് കൊല്ലത്തെ അധ്യാപികയുടെ 14 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ഫോൺ നമ്പറുകൾ സർക്കാർ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിൽ ലഭ്യമാകുന്നതുകൊണ്ടാണ് ഇത്തരത്തിൽ തട്ടിപ്പുകൾ നടക്കുന്നതെന്ന് സൈബർ നിയമ വിദഗ്ധനും എൻജിഒ സൈബർ സുരക്ഷാ ഫൗണ്ടേഷന്റെ സ്ഥാപകനുമായ ജിയാസ് ജമാൽ പറഞ്ഞു.