പി എം മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്.ഐ.ആർ. ‘എട്ട് ബിജെപി പ്രവർത്തകർ ചേർന്നാണ് കൃത്യം നടത്തിയത്. അക്രമികൾ കഴുത്തിലും കാലിലും മാരകമായി പരുക്കേൽപ്പിച്ചു എന്നും’ എഫ്ഐആറിൽ പറയുന്നു.
അതേസമയം ഫ്ലക്സ് ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. പ്രദേശത്ത് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് ഡിവൈഎഫ്ഐ വെച്ച ഫ്ലെക്സ് ബോർഡ് മാറ്റി ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട ബോർഡ് വെക്കുന്നതിനെച്ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഇതിനൊടുവിൽ വടിവാളുമായി മടങ്ങിയെത്തിയ ബിജെപി അനുഭാവികൾ അക്രമം നടത്തുകയായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിക്കുന്നു.
പ്രതികൾ മുമ്പ് പാർട്ടി അനുഭാവികളായിരുന്നെങ്കിലും കുറേ കാലമായി ആർഎസ്എസിനൊപ്പമാണ് പ്രവർത്തിക്കുന്നതെന്നും സുരേഷ് ബാബു പറയുന്നു. സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾ കാരണം പാർട്ടി തന്നെയാണ് ഇവരെ അകറ്റിനിർത്തിയത്. അതിനുശേഷം ബിജെപി-ആർഎസ്എസ് പ്രവർത്തകരുമായി ചേർന്നാണ് ഇവർ പ്രവർത്തിച്ചതെന്നും സുരേഷ് ബാബു വ്യക്തമാക്കി.
അതേസമയം ഷാജഹാനെ കൊലപ്പെടുത്തിയത് മുൻ പാർടി അംഗങ്ങൾ തന്നെയെന്ന് ദൃക്സാക്ഷി സുരേഷ് പറഞ്ഞു. പ്രദേശവാസിയായ അനീഷും ശബരീഷും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഷാജഹാന്റെ സുഹൃത്തുകൂടിയായ സുരേഷ് വെളിപ്പെടുത്തി.
സുരേഷ് പറയുന്നതിങ്ങനെ:
‘ഇന്നലെ രാത്രി ഷാജഹാനും ഞാനും വരുന്ന സമയത്താണ് അനീഷും ശബരീഷും ഉൾപ്പടെ പത്തോളം പേർ ഷാജഹാന്റെ അടുത്തേക്ക് വരുന്നത്. ഇതിൽ രണ്ടു പേർ ചേർന്ന് ഷാജഹാനെ വെട്ടി. ഞാൻ എന്താ പ്രശ്നം എന്ന് ചോദിക്കുന്നതിന് മുൻപ് തന്നെ ശബരീഷ് ആദ്യം വെട്ടി. പിന്നാലെ അനീഷും വെട്ടി. ഇവരോടൊപ്പം ബിജെപിയുടെ പ്രവർത്തകരും ഉണ്ടായിരുന്നു. ഞാനും ഷാജഹാനും മുൻപ് കൊലപാതക കേസിലെ പ്രതികളായിരുന്നു.
അതിലെ ശിക്ഷ കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങിയതാണ്. അതിന് ശേഷം മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അനീഷും ശബരീഷും പാർടി അംഗങ്ങളും ഡിവൈഎഫ്ഐ പ്രവർത്തകരുമായിരുന്നു. എന്താണ് ഷാജഹാനോട് വൈരാഗ്യമെന്ന് അറിയില്ല. ഇവർ അടുത്തിടെ പാർടി വിട്ടു. മറ്റുള്ളവർ ബിജെപി ക്കാരാണ്’.ആഴ്ചകൾക്ക് മുൻപ് ഷാജഹാനും അനീഷും തമ്മിൽ തർക്കമുണ്ടായിരുന്നതായി സുരേഷ് പറഞ്ഞു.
ദേശാഭിമാനി പത്രത്തിന്റെ വരിക്കാരനാകണമെന്ന് പറഞ്ഞപ്പോൾ അനീഷ് എതിർത്തു. തനിക്ക് ദേശാഭിമാനിയും മനോരമയും ഒന്നാണെന്ന് അനീഷ് പറഞ്ഞു. ഒരു പാർട്ടി അംഗം ദേശാഭിമാനി ഇടണ്ടേയെന്ന് ഷാജഹാൻ ചോദിച്ചിട്ടും അനീഷ് തയ്യാറായില്ല.തുടർന്നുണ്ടായ തർക്കം ഉന്തിലും തള്ളിലും അവസാനിക്കുകയായിരുന്നു. ഇത് പിന്നീട് വൈരാഗ്യത്തിന് കാരണമായെന്നും സുരേഷ് പറഞ്ഞു. ഇതിന് ശേഷം അനീഷും മറ്റൊരാളും തമ്മിൽ ഉണ്ടായ തർക്കത്തിൽ ഷാജഹാൻ കേസ് കൊടുക്കാൻ പ്രേരിപ്പിച്ചുവെന്നാരോപിച്ച് ഷാജഹാന് പണി കൊടുക്കുമെന്ന് അനീഷ് വെല്ലുവിളിച്ചതായും സുരേഷ് പറഞ്ഞു.
എന്നാൽ ഇന്നലെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും സുരേഷ് പറയുന്നു. സ്വാതന്ത്രദിനത്തിൽ ദേശീയ പതാക ഉയർത്താനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെ തൊട്ടടുത്ത സ്ഥലത്തെ നവീൻ എന്നയാൾ വന്ന് പ്രശ്നമുണ്ടാക്കിയതായും ഇതിന് പുറകേ അനീഷും ശബരീഷും ഷാജഹാനെ വെട്ടിയെന്നും സുരേഷ്. “എന്റെ മകൻ സുജീഷും കേസിൽ പ്രതിയാണെന്നും ഇക്കാര്യം പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും ” സുരേഷ് പറഞ്ഞു.