//
14 മിനിറ്റ് വായിച്ചു

ഷാജഹാന്‍ വധം: എട്ട് പ്രതികളും കസ്റ്റഡിയില്‍; സംഭവദിവസം ഒത്തുചേര്‍ന്ന ദൃശ്യങ്ങള്‍ പോലീസിന്

മരുതറോഡ് സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളും കസ്റ്റഡിയില്‍. ആറ് പ്രതികളെ കൂടി വൈകുന്നേരത്തോടെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. രാവിലെ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി.സംഭവദിവസം പ്രതികൾ ഒത്തുചേര്‍ന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു .

ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.മലമ്പുഴ കവയ്ക്കടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം കസ്റ്റഡിയിലുണ്ട്. ഇവരെ നാലിടങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. മലമ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.

പ്രതികള്‍ കൊലപാതകത്തിന് ശേഷം പലയിടങ്ങളിലായാണ് ഒളിവില്‍ കഴിയുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പിടികൂടാന്‍ വിവിധ സംഘങ്ങളായാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.

ഇന്നലെ രാത്രിയാണ് ബൈക്കിലെത്തിയ സംഘം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്.കൈ കാലുകള്‍ അറ്റ് തുടങ്ങിയ നിലയിലായിരുന്നു ഷാജഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷാജഹാന്റെ വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ബിജെപി പ്രവര്‍ത്തകരാണ് കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷാജഹാന്‍ കൊലക്കേസിലെ പ്രതികള്‍ സിപിഐഎം അംഗങ്ങള്‍ അല്ലെന്ന് ദൃക്‌സാക്ഷിയായ സുരേഷ് വെളിപ്പെടുത്തിയിരുന്നു. പ്രതികളായ ശബരീഷിനും അനീഷിനും പണ്ട് സിപിഐഎം അംഗത്വമുണ്ടായിരുന്നു. നിലവില്‍ ഇരുവരും ആര്‍എസ്എസുകാരാണെന്നും നിലവില്‍ സിപിഐഎമ്മുമായി ഇവര്‍ക്ക് ബന്ധമില്ലെന്നും സുരേഷ്  പറഞ്ഞു.

”കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയവിരോധം തന്നെയാണ്. വ്യക്തി വിരോധമല്ല. പണ്ട് നടന്ന നിസാരസംഭവങ്ങളുടെ പേരില്‍ കൊലപാതകം നടക്കില്ല. ഷാജഹാനെ കൊല്ലാന്‍ അവര്‍ നേരത്തെ തീരുമാനിച്ചിരിക്കാം. കൊലയ്ക്ക് കാരണമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചിട്ടുണ്ടാകാം. അതിനായി ഇഞ്ചക്ഷന്‍ കൊടുത്ത് കാണും. അല്ലാതെ ഇങ്ങനെയൊരു കൊലപാതകം നടക്കില്ല. ഒരുമിച്ച് കൂടുന്നവരായിരുന്നു ഇവര്‍ എല്ലാവരും.ആര്‍എസ്എസ് എല്ലാവരിലും വൈരം കുത്തിവെച്ച് കൊല ചെയ്യിപ്പിക്കുകയാണ് ചെയ്തത്.”സുരേഷ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!