///
12 മിനിറ്റ് വായിച്ചു

ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘവിസ്ഫോടനം; ജമ്മു കശ്മീരിൽ രണ്ട് മരണം, ഹിമാചലിൽ 3 പേരെ കാണാതായി

ജമ്മു കശ്മീർ: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ജമ്മു കശ്മീരിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു. ഹിമാചല്‍ പ്രദേശിലും, ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനത്തെ തുടർന്ന് വ്യാപക നാശനഷ്ടമുണ്ടായി. കനത്ത മഴയിൽ ഇരു സംസ്ഥാനങ്ങളിലും നദികൾ കരവിഞ്ഞൊഴുകി. ഹിമാചലിലെ കാൻഗ്ര ജില്ലയിൽ ചക്കി നദിക്ക് കുറുകെയുള്ള റെയിൽപ്പാളം പ്രളയവെള്ളം ഒഴുകി എത്തിയതോടെ പൂർണമായി തകർന്നു.

ജമ്മു കശ്മീരിലെ ഉദ്ദംപൂരിലാണ് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് വയസ്സുകാരിയും,  രണ്ട് മാസവും പ്രായമായ കുഞ്ഞും മരിച്ചത്. ഇന്നലെ രാത്രിയിലാണ് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥർ വീടിൻറെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഇന്ന് പുലർച്ചെയാണ് മേഘവിസ്‌ഫോടനമുണ്ടായത്. ഹിമാചലിലെ മണ്ഡിയിൽ വലിയ മണ്ണിടിച്ചില്‍ ഉണ്ടായതായി ജില്ലാ കളക്ടർ അറിയിച്ചു. ഹിമാചലിലെ ചാമ്പയിൽ മിന്നൽ പ്രളയത്തിൽ മൂന്ന് പേരെ കാണാതായി. കാൻഗ്ര ജില്ലയിലെ ചക്കി നദിക്ക് മുകളിലൂടെയുള്ള റെയിൽപ്പാലം പൂർണമായി തകർന്നു.

ഉത്തരാഖണ്ഡിലെ സാർഖേതിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് വെള്ളം കയറിയതോടെ ഗ്രാമം ഒറ്റപ്പെട്ടു. ഇവിടെ ഉണ്ടായിരുന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. താമസ നദി കരകവിഞ്ഞ് ഒഴുകയതിനെ തുടർന്ന് പല ഇടങ്ങളിലും വെള്ളം കയറി.  താപ്കേശ്വർ മഹാദേവ ക്ഷേത്രത്തിൽ വെള്ളം കയറി.

ഉത്തരാഖണ്ഡിലും ഹിമാചലിലും ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കനത്ത മഴ തുടരുന്നത് കണക്കിലെടുത്ത് മണ്ഡി, കുളു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസമായി മഴ തുടരുന്ന മണ്ഡിയിൽ അടുത്ത 24 മണിക്കൂർ കൂടി മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ തുടർച്ചയായി പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗംഗാ, യമുനാ നദികളിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!