///
13 മിനിറ്റ് വായിച്ചു

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: നിരോധിത ഫണ്ട് കേസിൽ ഹാജരാകാത്തതിന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസിയായ ഫെഡറൽ ഇൻവെസ്റ്റി​ഗേഷൻ ഏജൻസി അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാർത്ത നൽകിയത്. കേസിൽ ഹാജരാകണമെന്ന് അന്വേഷണ ഏജൻസി രണ്ടുതവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇമ്രാൻ ഖാൻ ഹാജരായില്ല. മൂന്നാം തവണയും ഹാരജായില്ലെങ്കിൽ ഇമ്രാൻ ഖാനെ രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ബുധനാഴ്ച ആദ്യ നോട്ടീസ് ലഭിച്ചെങ്കിലും എഫ്‌ഐഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇമ്രാൻ ഖാൻ വിസ്സമ്മതിച്ചു.

മൂന്ന് നോട്ടീസുകൾ നൽകിയതിന് ശേഷം ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്തിമ തീരുമാനം എടുക്കാമെന്ന് എഫ്ഐഎയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഇമ്രാൻ ഖാന്റെ പാർട്ടിയുമായി ബന്ധപ്പെട്ട് യുഎസ്എ, ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടൻ, ബെൽജിയം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന  അഞ്ച് കമ്പനികളുടെ വിശദാംശങ്ങൾ എഫ്‌ഐ‌എ ശേഖരിച്ചു. കമ്പനിയുടെ വിവരങ്ങൾ പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ (ഇസിപി) സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

നിരോധിത ഫണ്ടിങ് കേസിൽ തനിക്ക് അയച്ച നോട്ടീസ് രണ്ട് ദിവസത്തിനകം തിരിച്ചെടുക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഇമ്രാൻ ഖാൻ അന്വേഷണ ഏജൻസിയോട് പറഞ്ഞിരുന്നു. അന്വേഷണ ഏജൻസിയോട് ഉത്തരം പറയാൻ ബാധ്യസ്ഥനല്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ നോട്ടീസ് തിരിച്ചെടുത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഇമ്രാൻ മുന്നറിയിപ്പ് നൽകി. അതേസമയം, തെര‍ഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് വസ്തുതാപരമായ നിലപാട് മറച്ചുവെച്ചതിന് എഫ്‌ഐ‌എ മതിയായ തെളിവുകൾ ശേഖരിച്ചെന്നും അധികൃതർ പറഞ്ഞു. ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി ഇന്ത്യൻ വംശജയായ ഒരു വ്യവസായി ഉൾപ്പെടെ 34 വിദേശ പൗരന്മാരിൽ നിന്ന് നിയമവിരുദ്ധമായി ഫണ്ട് സ്വീകരിച്ചെന്നും ആരോപണമുയർന്നിരുന്നു. തുടർന്ന് വിദേശ പൗരന്മാരിൽ നിന്നും വിദേശ കമ്പനികളിൽ നിന്നും നിരോധിത ധനസഹായം സ്വീകരിച്ചതും മറച്ചുവെച്ചതിനും ഇസിപി കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!