തിരുവനന്തപുരത്ത് വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് ദിവസത്തേക്ക് മദ്യശാലകകളുടെ പ്രവര്‍ത്തനം നിരോധിച്ചു. പ്രദേശത്തെ സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ആഗസ്റ്റ് 21, 22 തീയതികളില്‍ മദ്യശാലകള്‍ അടച്ചിടാന്‍ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടത്
നേരത്തെ തുറമുഖ നിര്‍മാണത്തിന് സുരക്ഷ തേടി സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പ് കത്ത് നൽകിയിരുന്നു. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ തുറമുഖ നിര്‍മാണത്തെ ബാധിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്ത് ആഭ്യന്തര വകുപ്പിന് തുടര്‍ നടപടികള്‍ക്ക് കൈമാറി. മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് സമരം ശക്തമാക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുന്നത്.
വിഴിഞ്ഞത്ത് അടുത്ത വര്‍ഷത്തോടെ കപ്പല്‍ എത്തുന്ന രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. സമരം തുടരുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാനാകില്ലെന്നും അദാനി ഗ്രൂപ്പ് കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ അനുരഞ്ജനത്തിന് വഴിയൊരുങ്ങിയെങ്കിലും എല്ലാ ആവശ്യങ്ങളും പരിഗണിക്കും വരെ സമരം തുടരുമെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്.