കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുന്നതിനായി തില്ലങ്കേരി പെരിങ്ങാനം ഗവ. എൽ പി സ്കൂളിൽ ‘കുഞ്ഞിക്കൈകളിൽ കുഞ്ഞിക്കോഴി’പദ്ധതിക്ക് തുടക്കമായി. മുണ്ടയാട് മേഖലാ കോഴി വളർത്തൽ കേന്ദ്രം, കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, മട്ടന്നൂർ റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വിദ്യാലയത്തിലെ പ്രീപ്രൈമറി മുതൽ നാലാംതരം വരെയുള്ള മുഴുവൻ കുട്ടികൾക്കും എട്ട് വീതം കോഴിക്കുഞ്ഞുങ്ങളെ നൽകി. വെറ്ററിനറി സർവ്വകലാശാലയുടെ സമന്വയ പദ്ധതിയിൽ ഒരു ക്വിൻ്റൽ തീറ്റയും കുട്ടികൾക്ക് വിതരണം ചെയ്തു. തുടർ പ്രവർത്തനം എന്ന നിലയിൽ തില്ലങ്കേരി വെറ്ററിനറി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ മുഴുവൻ കോഴിക്കുഞ്ഞുങ്ങൾക്കും രണ്ടു തവണകളായി വാക്സിനും സൗജന്യമായി നൽകും.
പ്രൈമറി ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിലെ സഹജീവി സ്നേഹം വിശദമാക്കുന്ന പാഠഭാഗങ്ങളിലെ ആശയം കുട്ടികളിൽ ഉറപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പാഠഭാഗങ്ങളിലെ ആശയം കുട്ടികൾ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്ന വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പാക്കുന്നത്. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് എൻ രൂപേഷ് അധ്യക്ഷനായി. വെറ്ററിനറി സർജൻ ഡോ. എസ് ശ്രുതി കോഴിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു.
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കെ രതീഷ് വാക്സിൻ മരുന്ന് വിതരണോദ്ഘാടനവും നിർവ്വഹിച്ചു. കണ്ണൂർ മേഖല കോഴിവളർത്തൽ കേന്ദ്രം അസി.ഡയറക്ടർ ഡോ.പി പി ഗിരീഷ് കുമാർ, ഫീൽഡ് ഓഫീസർ ടി എം സി ഇബ്രാഹിം, സ്കൂൾ പി ടി എ വൈസ് പ്രസിഡണ്ട് എം കെ രഘുനാഥ്, മട്ടന്നൂർ റോട്ടറി ക്ലബ്ബ് സെക്രട്ടറി പി കെ രാജേഷ്, പ്രധാനാധ്യാപകൻ വി വി രവീന്ദ്രൻ, എം പ്രജീഷ് എന്നിവർ സംസാരിച്ചു.