:പോപ്പുലര്‍ ഫ്രണ്ട് പോസ്റ്റര്‍ വിവാദത്തില്‍ സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കി ഗവ. ചീഫ് വിപ്പ് എന്‍ ജയരാജ്. സിപിഐഎം വാര്‍ഡ് അംഗത്തിന്റെയും പേര് നോട്ടിസില്‍ ഉണ്ടെന്ന് ജയരാജ് പറഞ്ഞു. തന്നെ മാത്രം എന്തിന് ടാര്‍ഗറ്റ് ചെയ്യുന്നു എന്നും ജയരാജ് ചോദിച്ചു. അതേസമയം പോസ്റ്റർ വിവാദമായതോടെ പരിപാടിയില്‍ നിന്നും ജയരാജ് പിന്മാറി.
പോപ്പുലര്‍ ഫ്രണ്ടിന്റെ കോട്ടയം വാഴൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു ജയരാജ്. പേര് അച്ചടിച്ച നോട്ടിസ് പ്രചരിച്ചതോടെ തന്റെ സമ്മതമില്ലാതെയാണ് പരിപാടിയില്‍ ഉള്‍കൊള്ളിച്ചതെന്ന വിശദീകരണമാണ് ജയരാജ് നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് പരിപാടി ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ല. സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിനിധികളും പങ്കെടുക്കുന്നുണ്ടെന്നും തന്നെ മാത്രം എന്തിനാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്നും ജയരാജ് ചോദിച്ചു.
നാട്ടൊരുമ എന്ന പേരിൽ സെപ്റ്റംബര്‍ രണ്ട് മുതല്‍ തുടങ്ങുന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ നോട്ടിസിലാണ് എന്‍ ജയരാജിന്റെ പേരുള്ളത്. സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് നോട്ടിസിൽ ജയരാജനെ ഉൾക്കൊളളിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പോസ്റ്റർ വിവാദമായതോടെ കേരള കോണ്‍ഗ്രസ് – പോപ്പുലര്‍ ഫ്രണ്ട് ബന്ധം പുറത്തായെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ത്തതെന്ന ആരോപണം ഉൾപ്പെടെ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.ഇതിന് മുമ്പ് ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് പങ്കെടുത്തതിൽ സിപിഐഎം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
പരിപാടിയിൽ പങ്കെടുത്തതിന് ബീന ഫിലിപ്പിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. പിന്നാലെ തനിക്ക് സംഭവിച്ചത് പിശകാണെന്നും പാർട്ടി തീരുമാനം അംഗീകരിക്കുന്നെന്നും ബീന ഫിലിപ്പ് പ്രതികരിച്ചിരുന്നു.