//
11 മിനിറ്റ് വായിച്ചു

സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ആർക്ക് നൽകണം ? തീരുമാനം ഇന്ന്

ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കോടിയേരി ബാലകൃഷ്ണന് പകരം സെക്രട്ടറിയുടെ ചുമതല മറ്റാർക്കെങ്കിലും നൽകണമോ എന്നതിൽ ഇന്ന് ആരംഭിക്കുന്ന സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനം എടുക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടു ദിവസങ്ങളിലായി സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നത്. സംസ്ഥാന സർക്കാരിനെ വട്ടം കറക്കുന്ന ഗവർണർക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തിൽ ചർച്ചയാകും.

സംഘടന രാഷ്ട്രീയ കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കാനാണ് അടിയന്തര നേതൃയോഗം സിപിഐ എം വിളിച്ചു ചേർത്തിരിക്കുന്നത്. സെക്രട്ടറി സ്ഥാനത്തു നിന്നും മാറാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണൻ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. രാവിലെ ചേരുന്ന അവൈലബിൾ പി ബി യോഗം വിഷയം ചർച്ച ചെയ്യും. അതിനു ശേഷമായിരിക്കും സെക്രട്ടറിയറ്റ് പരിഗണിക്കുക. ഉച്ചക്ക് ശേഷവും നാളെയുമായി സംസ്ഥാന സമിതി ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.

കോടിയേരിയെ പൂർണ്ണമായി മാറ്റുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ല.അത്യാവശ്യമെങ്കിൽ നിശ്ചിതകാലം അവധി നൽകാം എന്നതാണ് നിലപാട്. പാർട്ടി കാര്യങ്ങൾ നിർവഹിക്കാൻ പകരം ചുമതല മറ്റൊരാൾക്ക് നൽകിയേക്കും. എ വിജയരാഘവൻ, എം എ ബേബി, എ. കെ.ബാലൻ, ഇ പി ജയരാജൻ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിൽ. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കുന്ന യോഗം അയത് കൊണ്ട് നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും.

സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി സെക്രട്ടറി പദവിയിൽ നിന്നു പൂർണമായി ഒഴിഞ്ഞാൽ ഭരണ തലത്തിലടക്കം മാറ്റങ്ങൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. സർക്കാരിനെതിരെ പോരിനിറങ്ങിയ ഗവർണ്ണറുടെ നീക്കങ്ങൾ പാർട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. ഇതുവരെ പ്രതിഷേധ പ്രതികരണങ്ങൾ മാത്രം നടത്തിയ പാർട്ടി പ്രത്യക്ഷ സമരപരിപാടികളിലേക്ക് അടക്കം നീങ്ങാനുള്ള തീരുമാനവും യോഗം എടുത്തേക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!