//
11 മിനിറ്റ് വായിച്ചു

‘എല്ലാം തികഞ്ഞ പാർട്ടിക്കാരെല്ലാം കണ്ണൂരിൽ മാത്രം’;’തലസ്ഥാനം പോലും കണ്ണൂരിലേക്ക് മാറ്റിയാൽ തെറ്റില്ല’;വിമർശനവുമായി ഹരീഷ് പേരടി

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ​ഗോവിന്ദനെ തെരഞ്ഞെടുത്തതിൽ വിമർശനവുമായി നടൻ ഹരീഷ് പേരടി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാം തികഞ്ഞ പാർട്ടിക്കാരെല്ലാം കണ്ണൂരിൽ മാത്രമായ സ്ഥിതിക്ക് സംസ്ഥാന കമ്മറ്റി ഓഫീസ് കണ്ണൂരിലേക്ക് മാറ്റിയാൽ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുമെന്നായിരുന്നു ഹരീഷിന്റെ പരിഹാസം.

പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവർ പരമാവധി പോയാൽ സംസ്ഥാന കമ്മറ്റിയിൽ ഇരുന്ന് കണ്ണൂർക്കാർ പറയുന്നത് കേൾക്കാനും യോഗ്യതയുള്ള മറ്റ് ജില്ലക്കാരൊക്കെ വേണമെങ്കിൽ കണ്ണൂരിലേക്ക് വണ്ടി കയറട്ടെയെന്നും ഹരീഷ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

‘എവിടെക്കും പോവാൻ പറ്റിയ വിമാനത്താവളം ഉണ്ട്. വിമാന കമ്പനിയെ ബഹിഷക്കരിച്ചവർക്കും എളുപ്പത്തിൽ കാര്യങ്ങൾ നടക്കും. .വെറുതെ കുറെ കാലം അങ്ങോട്ട് കയറിയതല്ലെ. ഇനി ഇങ്ങോട്ട് കയറട്ടെ. 20 വർഷത്തേക്ക് തുടർ ഭരണം ഉറപ്പായ സ്ഥിതിക്ക് തലസ്ഥാനം പോലും കണ്ണൂരിലേക്ക് മാറ്റിയാൽ തെറ്റില്ലാ എന്നാണ് എന്റെ ചെറിയ ബുദ്ധിയിൽ തോന്നുന്നത്. എന്ന് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയാത്ത മണ്ടനും കമ്മിയും സംഘിയും കൊങ്ങിയും ആയ ഒരുത്തൻ.’ ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ മാറിയതിനെ തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, എ വിജയരാഘവന്‍ തുടങ്ങിയവർ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!