സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പേപ്പട്ടികളുടെ കടിയേറ്റവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ വളർത്തുനായ്ക്കൾക്ക്
ലൈസൻസ്, വാക്സിനേഷൻ എന്നിവ നിർബന്ധമാക്കി പഞ്ചായത്ത് ഡയറക്ടറുടെ സർക്കുലർ.
രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ വളർത്തുനായ്ക്കൾക്കും ലൈസൻസ് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും, പഞ്ചായത്ത് വാർഡ് തലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിച്ച്, മുഴുവൻ വളർത്തു നായ്ക്കൾക്കും വാക്സിനേഷൻ നടത്തിയെന്നു ഉറപ്പാക്കി റിപ്പോർട്ട് നൽകണമെന്നും സർക്കുലറിൽ പറയുന്നു.
പഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയും ലൈസൻസിൽ പറഞ്ഞിട്ടുള്ള ചട്ടങ്ങൾ അനുശാസിക്കുന്ന പ്രകാരമുള്ള നിബന്ധനകൾക്ക് അനുസൃതമല്ലാതെയും ഒരു വ്യക്തിക്കും പഞ്ചായത്ത് പ്രദേശത്ത് നായ്ക്കളെ വളർത്താൻ പാടില്ല. ഇതു സംബന്ധിച്ച് കർശന നിർദേശം നൽകി പഞ്ചായത്ത് സെക്രട്ടറിമാർ നോട്ടിസുകൾ പുറപ്പെടുവിക്കണമെന്നും നിർദേശിച്ചു.
മറ്റു നിർദേശങ്ങൾ
∙വീട്ടിൽ വളർത്തുന്ന എല്ലാ നായ്ക്കൾക്കും കാലാകാലങ്ങളിൽ വാക്സിനേഷൻ നിർബന്ധമായി എടുക്കുന്നതിന് മൃഗാശുപത്രി മുഖേനയുള്ള സൗജന്യം പ്രയോജനപ്പെടുത്തണം.
∙ ജനിക്കുന്ന സമയം തന്നെ നായ്ക്കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകുന്നതു സംബന്ധിച്ച ബോധവൽക്കരണം നൽകണം.
∙ ആനിമൽ ബർത്ത് കൺട്രോൾ(എബിസി) പരിപാടി നടപ്പാക്കുന്നതിന് പഞ്ചായത്ത് തലത്തിൽ നാളിതുവരെ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാത്ത പഞ്ചായത്തുകൾ ഇവ അടിയന്തരമായി രൂപീകരിക്കണം.
∙ പേവിഷബാധ, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത എന്നിവയ്ക്കെതിരെയായ ബോധവൽക്കരണം നടപ്പാക്കണം.
∙ 1998ലെ കേരള പഞ്ചായത്ത് രാജ് (പന്നികൾക്കും, നായ്ക്കൾക്കും ലൈസൻസ് നൽകൽ)ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ലൈസൻസ് നൽകുന്നതും അതു പുതുക്കി നൽകുന്നതും സംബന്ധിച്ച വിവരങ്ങൾ റജിസ്റ്ററിലാക്കി പഞ്ചായത്ത് സെക്രട്ടറിമാർ സൂക്ഷിക്കണം.