ദേശിയ പാത വികസനത്തിന് സ്ഥലംവിട്ടു കൊടുത്ത് മാതൃകയായി പള്ളി കമ്മിറ്റി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഖബറിടങ്ങള്‍ മാറ്റി സ്ഥാപിച്ചാണ് ആരാധാനാലയവും അധികാരികളും മാതൃകയായത്.മലപ്പുറം പൊന്നാനി ദേശീയപാത നിര്‍മാണത്തിനായാണ് പാലപ്പെട്ടി ബദര്‍ മസ്ജിദ് മഹല്ല് കമ്മിറ്റി ഖബര്‍സ്ഥാനുകള്‍ പൊളിച്ചുമാറ്റിയത്. ദേശീയപാതക്കായി പാലപ്പെട്ടി ബദര്‍ മസ്ജിദിന്റെ ഖബര്‍സ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടു നല്‍കിയത്.
ഈ ഭാഗത്തുണ്ടായിരുന്ന 314 ഖബറുകളാണ് പൊളിച്ചുമാറ്റിയത്. പതിനഞ്ച് വര്‍ഷം മുതല്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് പൊളിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ഖബറുകള്‍ നീക്കം ചെയ്തത്. പാലപ്പെട്ടി ബദര്‍മസ്ജിദ് മഹല്ല് കമ്മിറ്റിയുടെയും ദാറുല്‍ ആഖിറ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഖബര്സ്ഥാന് മാറ്റി സ്ഥാപിച്ചത്. മൃതദേഹങ്ങളുടെ എല്ലുകളും പഴകിയ തുണികളും മാത്രമാണ് പൊളിച്ച ഖബറുകളില്‍ നിന്നു ലഭിച്ചത്.
പടിഞ്ഞാറ് ഭാഗത്ത് പുതിയ ഖബറുകള്‍ കുഴിച്ച് എല്ലുകള്‍ പിന്നീട് സംസ്കരിച്ചു.മഹല്ലിലിലെ ആയിരത്തോളം വരുന്ന കുടുംബങ്ങളുടെ പിന്തുണയോടെയാണ് തീരുമാനം. നാടിന്റെ വികസനത്തിന് ഭൂമി വിട്ടുകൊടുത്തതില്‍ സന്തോഷമുണ്ട്. വിശ്വാസികള്‍ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നും പള്ളി കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. ദേശീയ പാതയ്ക്ക് സ്ഥലം വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തതു മുതല്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പടിഞ്ഞാറു ഭാഗത്താണ് ഖബറുകള്‍ കുഴിച്ച് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത്.
കഴിഞ്ഞ മാസം ദേശീയപാതാ വികസനത്തിന് വേണ്ടി 90 വർഷം പഴക്കമുള്ള മദ്രസ കെട്ടിടം പൊളിച്ചുനീക്കി നല്‍കിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.താമല്ലാക്കൽ ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ ഉടമസ്ഥതയിൽ ദേശീയപാതയിൽ താമല്ലാക്കൽ കെ വി ജെട്ടി ജംഗ്ഷനു സമീപം സ്ഥിതിചെയ്യുന്ന മുറബ്ബിൽ വിൽദാൻ മദ്രസാ കെട്ടിടമാണ് പൊളിച്ചു മാറ്റിയത്.മദ്രസാ കെട്ടിടവും ഏഴ് സെന്റ് സ്ഥലവും ആണ് ദേശീയപാത വികസനത്തിന് വേണ്ടി സർക്കാർ ഏറ്റെടുത്തത്.