പാലക്കാട് കേന്ദ്രീകരിച്ച് ഹണിട്രാപ്പിലൂടെ യുവാക്കള്‍ ആസൂത്രണം ചെയ്തത് വന്‍ തട്ടിപ്പെന്ന് പൊലീസ്. സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ചായിരുന്നു ആറംഗ സംഘത്തിന്‍റെ തട്ടിപ്പ്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്.
കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. ഇവരുടെ വലയില്‍ വേറെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.
കേസിലെ പ്രതിയായ ദേവു എന്ന യുവതിയെ മുന്‍നിര്‍ത്തി ശരത്താണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ചാണ് പ്രതികൾ ആളുകളെ ആകര്‍ഷിക്കുന്നത്. ഇതിനായി വ്യാജ ഫേസ്ബുക്ക് ഐഡിയും സിം കാർഡും സംഘം ഉപയോഗിച്ചു. ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് തുടക്കമിടുക. യുവതിയുടെ ഫോട്ടായാണ് ഇതിനായി ഉപയോഗിക്കുക. മറുപടി കിട്ടിത്തുടങ്ങുന്നതോടെ യുവതിയെക്കൊണ്ട് നിരന്തരമായി സന്ദേശം അയപ്പിക്കും.
ഇങ്ങനെ ലക്ഷ്യമിടുന്നയാളുടെ വിശ്വാസം നേടും. തുടര്‍ന്ന് സംഘം ഹണിട്രാപ് ആസൂത്രണം ചെയ്യും. യുവതി ക്ഷണിക്കുന്ന സ്ഥലത്തേക്ക് ഇരയെ എത്തിക്കും.ഒടുവിലാണ് കെണിയിൽ വീഴ്ത്തലും തട്ടിപ്പും. സൂത്രധാരനായ ശരത്തിന്‍റെ പേരിൽ മോഷണം, ഭവനഭേദനം അടക്കം 12 പരാതികൾ ഉണ്ട്.ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും. ഇവരുടെ വീഡിയോയും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. ഈ പ്രശസ്തിയും ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ചു. സംഘം മുമ്പ് സമാന തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറിൽ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. ഈ സമയം, സംഘം പാലക്കാട് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. തട്ടിപ്പിന് മാത്രമായി 11 മാസത്തെ കരാറിൽ ഒരു വീട് സംഘം പലക്കാട് യാക്കരയിൽ സംഘം വാടകയ്ക്ക് എടുത്തെന്നും പൊലീസ് പറയുന്നു. വ്യവസായിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ദേവു പാലക്കാടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ദേവുവിന്‍റെ വാക്ക് വിശ്വസിച്ച് ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട് ഇരുവരും കണ്ടുമുട്ടി. വീട്ടിൽ അമ്മമാത്രമേ ഉള്ളൂ എന്നും ഭർത്താവ് വിദേശത്തെന്നുമായിരുന്നു ദേവു വ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്.
തുടര്‍ന്ന് വീട്ടിലേക്ക് ക്ഷണിച്ചു. വൈകുന്നേരം ഇയാള്‍ വീട്ടിലെത്തി. ഈ സമയം വീട്ടില്‍ കാത്തിരുന്നവര്‍ ഇയാളെ പിടികൂടി മാല, ഫോൺ, പണം, എടിഎം കാർഡ്, വാഹനം എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ കൊണ്ടുപോയി വീഡിയോ ചിത്രീകരിക്കാനും പിന്നീട് ഇയാളില്‍ കൂടുതല്‍ പണം തട്ടാനുമായിരുന്നു ലക്ഷ്യം.
എന്നാല്‍, പോകുന്ന വഴിയെ വ്യവസായി മൂത്രമൊഴിക്കണമെന്ന് പറഞ്ഞതോടെ ഇവര്‍ വാഹനം നിര്‍ത്തി. ഈ സമയം തന്ത്രപൂര്‍വം ഇയാള്‍ ഇറങ്ങി ഓടി. എന്നാല്‍, സംഭവം കൈവിട്ടെന്ന് കണ്ടതോടെ പ്രതികൾ ഒത്തുതീർപ്പിന് ശ്രമിച്ചു. എന്നാല്‍ വ്യവസായി വഴങ്ങാന്‍ കൂട്ടാക്കാതെ പൊലീസിനെ സമീപിച്ചു. പാലക്കാടെത്തി ടൗൺ സൌത്ത് പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതികളെ തെരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.