മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി മില്‍യുടെ നാലരക്കോടി രൂപ. അധിക പാല്‍വിലയായാണ് ഈ തുക നല്‍കുക. കോഴിക്കോട്ടു ചേര്‍ന്ന മലബാര്‍ മില്‍മ ഭരണസമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
2022 സെപ്തംബര്‍ ഒന്നു മുതല്‍ 10 വരെ മലബാര്‍ മേഖലാ യൂണിയന് പാല്‍ നല്‍കുന്ന എല്ലാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 2രൂപ 50 പൈസ വീതം അധിക വിലയായി നല്‍കും.
ഒപ്പം 2022 ആഗസ്റ്റ് 11 മുതല്‍ 31 വരെ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ വഴി മില്‍മയ്ക്ക് ലഭിച്ച നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതവും അധിക വിലയായി നല്‍കും. ഇതനുസരിച്ച് 210 ലക്ഷം ലിറ്റര്‍ പാലിന് അധിക വിലയായി 450 ലക്ഷം രൂപയാണ് മില്‍മ നല്‍കുന്നത്.
ഈ തുക മലബാറിലെ ആറു ജില്ലകളിലെ ക്ഷീര കര്‍ഷകരിലേക്ക് വരും ദിവസങ്ങളില്‍ വന്നു ചേരും. ആഗസ്റ്റ് 11 മുതല്‍ 31വരെ ഡെയറിയില്‍ ലഭിച്ച പാലിന് ലിറ്ററിന് രണ്ടു രൂപ വീതം അധിക വില കണക്കാക്കി മൊത്തം തുക ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കും.
ആഗസ്റ്റ് 21 മുതല്‍ 31 വരെ നല്‍കിയ പാലിന്റെ വിലയോടൊപ്പമായിരിക്കും പ്രഖ്യാപിച്ച അധിക തുക നല്‍കുക. ഓണത്തിനു മുമ്പായി ക്ഷീര സംഘങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് തുക കൈമാറണം. അധിക വില കൂടി കണക്കാക്കുമ്പോള്‍ ആഗസ്റ്റ് മാസത്തില്‍ മില്‍മ ക്ഷീര സംഘങ്ങള്‍ക്ക് ഒരു ലിറ്റര്‍ പാലിന് നല്‍കുന്ന ശരാശരി വില 41 രൂപ 22 പൈസയാകും.
പാലിന്റെ വില്‍പ്പന വില വര്‍ദ്ധിപ്പിക്കാതെയാണ് ഇത്തരം ക്ഷീര കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മില്‍മ നടപ്പാക്കുന്നതെന്നും ഇത് ക്ഷീര കര്‍ഷക പ്രസ്ഥാനത്തിന്റെ ഉജ്ജ്വല നേട്ടമാണെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മാനെജിംഗ് ഡയറക്ടര്‍ ഡോ. പി.മുരളി എന്നിവര്‍ പറഞ്ഞു.