കോണ്‍ഗ്രസ് മേല്‍വിലാസമില്ലാത്ത കവര്‍ പോലെയാണെന്ന് വിമര്‍ശിച്ച ശശി തരൂരിനെതിരെ കെപിസിസി നിര്‍വാഹക സമിതിയംഗം ജോണ്‍സണ്‍ എബ്രഹാം.വിശേഷണം ക്രൂരമായിപ്പോയി. ഇത് നല്ല വിമര്‍ശനമല്ല. വിനാശകരമായ, ആക്രമണമാണെന്ന് ജോണ്‍സണ്‍ എബ്രഹാം തുറന്ന കത്തിലൂടെ പറഞ്ഞു.
മൂന്നു തവണ എംപിയാക്കിയ പ്രസ്ഥാനത്തെ അധിക്ഷേപിച്ചത് പച്ചയായി പറഞ്ഞാല്‍ ഉണ്ട ചോറിന് നന്ദിയില്ലായ്മയാണെന്ന് ജോണ്‍സണ്‍ എബ്രഹാം പറഞ്ഞു.ബിജെപിക്കെതിരെ പോരാടാന്‍ ശേഷിയുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ് എന്ന അങ്ങയുടെ തിരിച്ചറിവ് ജനാധിപത്യത്തിന് കരുത്തു പകരുന്നതാണ്. എന്നാല്‍ സംഘപരിവാറിന്റെ വിഭജന, വര്‍ഗീയ അജണ്ടകള്‍ക്കെതിരെ ശക്തമായി പോരാടുന്ന രാഹുല്‍ ഗാന്ധിക്ക് കരുത്തു പകരാനും, പിന്തുണ നല്‍കാനും ജി 23 സംഘം എന്തു ചെയ്‌തെന്നും ജോണ്‍സണ്‍ എബ്രഹാം ചോദിച്ചു.
ജോണ്‍സണ്‍ എബ്രഹാം പറഞ്ഞത്:
ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് അഭിപ്രായസ്വാതന്ത്ര്യവും വിമര്‍ശനങ്ങളും. ആദരണീയനായ താങ്കളുടെ ലേഖനത്തില്‍ ‘ മേല്‍ വിലാസമില്ലാത്ത കവര്‍’ പോലെയാണ് കോണ്‍ഗ്രസ് എന്ന വിശേഷണം ക്രൂരമായിപ്പോയി. ഇത്, നല്ല വിമര്‍ശനമല്ല. വിനാശകരമായ, ആക്രമണമാണ്.
ജാലിയന്‍ വാലാബാഗിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും രക്തം ചിന്തിയ ധീര രക്തസാക്ഷികളുടെ പിന്‍തലമുറക്കാരായ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുറിവേല്‍പ്പിച്ചു, എന്ന് വിനയപൂര്‍വ്വം പറയട്ടെ. മൂന്നു തവണ എംപിയാക്കിയ പ്രിയ പ്രസ്ഥാനത്തെ അധിക്ഷേപിച്ചത് പച്ചയായി പറഞ്ഞാല്‍ ഉണ്ട ചോറിന്, നന്ദിയില്ലായ്മയാണ്.കോണ്‍ഗ്രസിന് മേല്‍വിലാസമുണ്ട് സോണിയാ ഗാന്ധിയാണ് പ്രസിഡന്റ്. വിലാസം താഴെ ചേര്‍ക്കുന്നു.
24, അക്ബര്‍ റോഡ്ന്യൂ ഡെല്‍ഹി 110011.
എന്നെപ്പോലെ കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് മേല്‍വിലാസത്തിലാണ് അറിയപ്പെടുന്നത്.ഞങ്ങള്‍ക്കുള്ള തപാല്‍ ഉരുപ്പടികള്‍ വീടുകളില്‍ എത്തുന്നത് കോണ്‍ഗ്രസ് മേല്‍വിലാസത്തിലാണ് എന്ന വസ്തുത അഭിമാനത്തോടെ അറിയിക്കുന്നു. ബിജെപിക്കെതിരെ പോരാടാന്‍ ശേഷിയുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ് എന്ന അങ്ങയുടെ തിരിച്ചറിവ് ജനാധിപത്യത്തിന് കരുത്തു പകരുന്നതാണ്.
എന്നാല്‍ സംഘപരിവാറിന്റെ വിഭജന, വര്‍ഗീയ അജണ്ടകള്‍ക്കെതിരെ ശക്തമായി പോരാടുന്ന രാഹുല്‍ ഗാന്ധിക്ക് കരുത്തു പകരാനും, പിന്തുണ നല്‍കാനും ജി 23 സംഘം എന്തു ചെയ്തു.ജമ്മു കാശ്മീരിന്റെ ഭരണഘടനാ പദവി എടുത്തു കളഞ്ഞപ്പോഴും, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലും തികഞ്ഞ നിശബ്ദതയായിരുന്നു ഗുലാം നബിയുടെ റോള്‍. ചില സന്ദര്‍ഭങ്ങളില്‍ താങ്കള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു എന്നത് ഓര്‍മിക്കുന്നു.
ജനാധിപത്യത്തില്‍ ഏകാധിപത്യ രീതികളുള്ള സര്‍ക്കാരിനെ വിശേഷിപ്പിക്കുന്ന ANOCRACY എന്ന വാക്ക് ഞങ്ങളെ പരിചയപ്പെടുത്തി. മറ്റ് നിര്‍ണായക അവസരങ്ങളില്‍ അങ്ങ് നിശബ്ദത പാലിച്ചു. രാജസ്ഥാനില്‍ ജയ്പൂര്‍ സാഹിത്യോല്‍സവത്തില്‍ മാധ്യമങ്ങളോട് മോദിയെ സ്തുതിച്ച് സംസാരിച്ചു.കെ.റെയില്‍ വിഷയത്തില്‍ യുഡിഎഫ് എം.പിമാര്‍ ഒറ്റക്കെട്ടായി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അങ്ങ് ഒപ്പിടാതെ മാറി നിന്നു.
‘ഇരുളടഞ്ഞ കാലം’ എന്ന അങ്ങയുടെ പുസ്തകത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു ബ്രിട്ടീഷ് ഇന്ത്യയെ ഒരിക്കല്‍ വിശേഷിപ്പിച്ചത് ഗ്രാമത്തിലെ ഒരു വലിയ വീടുപോലെയാണ്. ഇംഗ്ലീഷ് കാര്‍,അതിന്റെ മികച്ച ഭാഗങ്ങളില്‍ താമസിക്കുന്ന കുലീനവര്‍ഗം.ഇന്ത്യക്കാര്‍ ഹാളില്‍ താമസിക്കുന്ന, വേലക്കാരുമാണ്. മോദി സര്‍ക്കാര്‍ രണ്ട് ഇന്ത്യയെ സൃഷ്ടിക്കുന്നു. ഒന്ന് അതി സമ്പന്നരുടെ, കോര്‍പ്പറേറ്റുകളുടെ ഇന്ത്യ. രണ്ട്, ദരിദ്രരുടെ ഇന്ത്യ. രണ്ടാമത്തെ ഗണത്തില്‍പ്പെടുന്ന ജനതയെ നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കോര്‍പ്പറേറ്റുകളും, ഫാസിസ്റ്റുകളും കല്ലെറിയുമ്പോള്‍ നിശബ്ദനാകരുത്.
‘ഇന്ത്യ ശാസ്ത്ര എന്ന അങ്ങയുടെ പുസ്തകത്തിലെ കോണ്‍ഗ്രസ് മുന്നോട്ടുള്ള വഴി എന്ന ലേഖനത്തില്‍ പറഞ്ഞതു പോലെ പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യത്തെ വളര്‍ത്തുകയും ആന്തര സംഘര്‍ഷങ്ങള്‍ക്ക് കടിഞ്ഞാണിടുകയും ചെയ്യുക.ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി ശരിയായിരുന്നു.’ നൂറു ശതമാനം ശരിയാണ്, രാഹുല്‍ ഗാന്ധിയാണ് ശരി. ഇന്ത്യക്ക് വേണ്ടിയുള്ള ചെറുത്തു നില്‍പ്പ്, ജനാധിപത്യം, ബഹുസ്വരത മതേതരത്വം സംരക്ഷിക്കാന്‍ എവിടെയായിരുന്നു.നിങ്ങള്‍ എന്ന് കാലവും, ചരിത്രവും ചോദിക്കുമ്പോള്‍ നമുക്ക്, ഉത്തരം പറയാന്‍ കഴിയണം. രാഹുല്‍ ഗാന്ധി.