കണ്ണൂർ:ഇടതുപക്ഷ പാർട്ടികളുടെ ഐക്യവും മറ്റ് ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയും ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പടുന്ന യാഥാർത്ഥ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പ്രദീപ് പുതുക്കുടി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് ബിജെപിയുടെ നയങ്ങൾക്കെതിരായി ഒരുമിച്ച് നിൽക്കാൻ കഴിയുന്നില്ല എന്നതാണ് വസ്തുത.മോദി സർക്കാർ നയങ്ങളെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളല്ലാം സംഘടിച്ചെങ്കിലും 2019 ൽ തെരഞ്ഞെടുപ്പ് വന്നപ്പോൾ ഓരോ പ്രാദേശിക പാർട്ടികളും സംസ്ഥാന പാർട്ടികളും അവരുടെ താത്പര്യത്തിനനുസരിച്ച് നീങ്ങി.ഇത് തന്നെയാണ് ബിജെപിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു .
“സാമ്പത്തിക രംഗത്തും രാഷ്ട്രീയ രംഗത്തും കോർപ്പറേറ്റ് താത്പര്യം സംരക്ഷിക്കുന്നവരാണ് ബിജെപി. സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ കൈ കടത്തി സംസ്ഥാനങ്ങളെ ദുർബലമാക്കി കേന്ദ്രം ശക്തമാകുന്ന തരത്തിൽ മുന്നോട്ടു പോയി.സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര മൂലധന നിക്ഷേപത്തിന്റെ തുക ഉയർത്തണമെന്ന നിരന്തര ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല കുറക്കുകയും ചെയ്തു.ഇതോടെ സംസ്ഥാനങ്ങൾ ദാരിദ്ര്യ മനുഭവിക്കുകയും രൂപയുടെ മൂല്യം കുറയുകയും വൻ വിലക്കയറ്റം ഉണ്ടാകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
“2008 ൽ ലോകം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യൻ സമ്പദ്ഘടന പിടിച്ചു നിന്നത് പൊതുമേഖലാ സ്ഥാപനങ്ങൾ കാരണമാണ്.എന്നാൽ ഇന്ന് കേന്ദ്ര ഭരണാധികാരികൾ പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുന്നു.44 കോടീശ്വരൻമാർ ഉദയം കൊണ്ടപ്പോൾ മറുവശത്ത് ദരിദ്രരുടെ എണ്ണം ഇരട്ടിയിലധികമാകുന്നു.സമ്പത്ത് ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ വിതരണത്തിലെ ക്രമക്കേടാണ് പ്രശ്നം.കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക രാഷ്ട്രീയ നിലപാടുകള എതിർക്കുന്ന മതേതര ജനാധിപത്യ കക്ഷികളും ഇടതുപക്ഷ പാർട്ടികളും എല്ലാവരും ചേർന്ന് ഒരു ബദൽ ഉയർത്തി കൊണ്ടുവരിക എന്നത് മാത്രമാണ് ഇതിന് മുന്നിലുള്ള ഏക പരിഹാരമെന്നും അദ്ദേഹം പറഞ്ഞു .
“നിർഭാഗ്യവശാൽ പാർലമെന്റിലെ ഇടതുപക്ഷ സ്വാധീനം കുറഞ്ഞുവരികയാണ്.ഇടതുപക്ഷ ആശയം ശക്തമല്ലാത്തത് കൊണ്ടല്ല.ഇന്ത്യയിൽ ഇടതുപക്ഷ പാർട്ടികൾ ഒരുമിച് നിൽക്കുന്നില്ല.ദേശീയതലത്തിലെ കോ ഓർഡിനേഷൻ ശക്തമാവണം.എന്നാൽ സിപിഐയും സിപിഎമ്മും മാത്രമാണ് ഈ കോർഡിനേഷനിൽ ശക്തമായുള്ളത്.മറ്റ് പാർട്ടികൾ ദേശീയതലത്തിൽ യോജിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിലെ സ്ഥിതി നോക്കുമ്പോൾ തിരിച്ചാണ്. അകന്നു നിൽക്കുന്ന എൽ ഡി എഫ് പാർട്ടിയെ ഒരുമിപ്പിക്കുക എന്നത് അത്യാവശ്യമാണ്.ദുഷ്കരമാണെങ്കിലും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളെ ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാൻ കഴിയണം.പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് പരാജയമാണെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു .
മുതിർന്ന നേതാവ് കെ പി കുഞ്ഞികൃഷ്ണൻ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ,സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ദേശീയ കൗൺസിലംഗം ഇ ചന്ദ്രശേഖരൻ എംഎൽഎ, സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ സി എൻ ചന്ദ്രൻ,അഡ്വ. പി വസന്തം,സിപി മുരളി,സംസ്ഥാന കൗൺസിലംഗങ്ങളായ സിപി സന്തോഷ് കുമാർ,സി പി ഷൈജൻ,ജില്ലാ എക്സിക്യൂട്ടീവംഗങ്ങൾ എന്നിവർ പങ്കെടുത്തു.
എക്സിക്യൂട്ടീവംഗം എൻ ഉഷ രക്തസാക്ഷി പ്രമേയവും എക്സിക്യൂട്ടീവംഗം വി ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ ടി ജോസ്,സി വിജയൻ,കെ വി ഗോപിനാഥ്,പി നാരായണൻ,കെ എം സപ്ന,കെ വി രജീഷ്,പി കെ മുജീബ് റഹ്‌മാൻ എന്നിവരടങ്ങിയ പ്രസീഡിയവും പാർട്ടി സംസ്ഥാന സെന്റർ നേതാക്കളും സംസ്ഥാന കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവംഗങ്ങൾ എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും എം ഗംഗാധരൻ (കൺവീനർ), എം അനിൽ കുമാർ, കെ ആർ ചന്ദ്രകാന്ത്, അബ്ദുൾ നിസാർ വായിപ്പറമ്പ്, വി രാധാകൃഷ്ണൻ, വി ഗീത എന്നിവരടങ്ങിയ മിനുട്സ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു.
വി കെ സുരേഷ് ബാബു കൺവീനറും പി കെ മധുസൂദനൻ,വി ജി സോമൻ,എം രാമകൃഷ്ണൻ,പി ലക്ഷ്മണൻ,പി ചന്ദ്രൻ,സി കെ ചന്ദ്രൻ, എം ബാലൻ,കെ വി ഗംഗാധരൻ,വെള്ളോറ രാജൻ,പി വി ബാബു രാജേന്ദ്രൻ,ടി കെ വത്സലൻ,പായം ബാബുരാജ്,മാമ്പ്രത്ത് രാജൻ,കെ മഹിജ,മുരളി കോമത്ത്,ടി പ്രകാശൻ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും ഒ കെ ജയകൃഷ്ണൻ കൺവീനറും എം സി സജീഷ്, പി എ ഇസ്മയിൽ,ജിതേഷ് കണ്ണപുരം,എം കെ ശശി,ഷിജിത്ത് വായന്നൂർ എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയും കെ വി ബാബു,മാമ്പ്രത്ത് രാജൻ എന്നിവരുൾപ്പട്ട രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ എം എസ് നിഷാദ് സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാർ എം പി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിൻമേലുള്ള ചർച്ച ഇന്ന് തുടരും .പ്രതിനിധി സമ്മേളനം ഇന്ന് സമാപിക്കും.