യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെപിസിസി ഉപാദ്ധ്യക്ഷൻ വിടി ബൽറാം.
‘ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയാലും, ചോദ്യം അവിടെ അവശേഷിക്കും, എന്നാണ് വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. എം എൻ വിജയന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് വി ടി ബൽറാമിന്റെ കുറിപ്പ്.അദ്ദേഹത്തിന്റെ ശിഷ്യനായ മറ്റൊരു വിജയന് ഒരിക്കലും മനസ്സിലാവാത്ത ഒരു പാഠഭാഗമായിരുന്നു അത് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
“ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയാലും, ചോദ്യം അവിടെ അവശേഷിക്കും “. എം എൻ വിജയൻ എന്ന “മികച്ച കലാലയാധ്യാപകൻ” ഒരിക്കൽ പറഞ്ഞതാണത്രേ ഇങ്ങനെ! അദ്ദേഹത്തിന്റെ ശിഷ്യനായ മറ്റൊരു വിജയന് ഒരിക്കലും മനസ്സിലാവാത്ത ഒരു പാഠഭാഗമായിരുന്നു അത് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു’.
ആഗസ്റ്റ് 16 ലെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ കലാപ ആഹ്വാനം നടത്തിയെന്ന പരാതിയിലാണ് അടൂർ പൊലീസ് കേസ് എടുത്തിരിക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യൽ മീഡിയ കൂട്ടായ്മയാണ് പൊലീസിൽ പരാതി നൽകിയത്.
‘മുസ്ലീം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങൾ ബലി കൊടുക്കുന്നു സിപിഐഎം?’ എന്ന തലക്കെട്ടിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലീം നാമധാരികളായ സഖാക്കൾ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുന്നുവെന്ന് പോസ്റ്റിൽ ആരോപിച്ചിരുന്നു.
സംഘപരിവാർ സഹായം പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം, മുസ്ലീം ഉന്മൂലനമാണോ നിങ്ങളുടെ രാഷ്ട്രീയം? സിപിഐഎം ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും സിപിഐഎമ്മിലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തിൽ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റിൽ ആരോപിച്ചിരുന്നു.