പയ്യന്നൂർ: പ്രളയവും കോവിഡും കാരണം നിറമില്ലാത്ത ഓണമായിരുന്നു നാലു കൊല്ലം. അതിനാൽ ഇക്കൊല്ലത്തെ പൂക്കളത്തിന് നിറം കൂടുന്നത് സ്വാഭാവികം.മുൻവർഷങ്ങളിൽ ആര് മത്സരം സംഘടിപ്പിച്ചാലും ഒന്നാം സമ്മാനം പയ്യന്നൂർ മമ്പലത്തെ എം ചന്ദ്രനായിരിക്കും.
ഇക്കുറിയും പതിവ് തെറ്റിയില്ല. പയ്യന്നൂർ തെക്കേ മമ്പലം ടി. ഗോവിന്ദൻ സെന്ററും ജനാധിപത്യ മഹിളാ അസോസിയേഷനും ബാലസംഘവും സംയുക്തമായി സംഘടിപ്പിച്ച ഓണോത്സവ്- 2022 പൂക്കള മത്സരത്തിൽ ഒന്നാംസമ്മാനം നേടിയ പൂക്കളം അങ്ങനെ ചരിത്രമായി. ഡിസൈൻ ചന്ദ്രന്റേത് തന്നെ.
കിഴക്കേ കണ്ടങ്കാളി സ്വദേശിയായ എം.ചന്ദ്രന്റെ നേതൃത്തിൽ സഹോദരങ്ങളും സുഹൃത്തുക്കളും ചേർന്നാണ് പൂക്കളം ഒരുക്കിയത്. സമ്മാനം ലഭിച്ചത് അറിയിക്കാൻ ചന്ദ്രനെ വിളിച്ചപ്പോൾ ഫോണെടുത്തത് സഹോദരൻ ആയിരുന്നു.പൂക്കളത്തിന്റെ പിന്നിലെ അധ്വാനത്തെ കുറിച്ച് അറിയാനുള്ള ആകാംക്ഷയിൽ ചില ചോദ്യങ്ങൾ ചോദിച്ചു. അതിനുള്ള മറുപടിയിലാണ് പൂക്കളത്തിന് പിന്നിലെ തപസ്യയെക്കുറിച്ച് സുജിത് പറഞ്ഞതെന്ന് സംഘാടകർ.ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ് ചന്ദ്രനും പൂക്കളവും.
ഒരു മാസത്തോളം നീണ്ടുനിന്ന ആലോചനയിൽ ഉരുത്തിരിഞ്ഞ ചിത്രമായിരുന്നു അത്. ആവശ്യമായ നിറത്തിൽ പൂക്കൾ ലഭിക്കാൻ നാലുദിവസത്തെ തെരച്ചിൽ.കിട്ടിയ പൂക്കൾ പൂക്കളത്തിനായി ഒരുക്കുന്നതിന് മൂന്നു ദിവസവുമെടുത്തു. പൂവിട്ട് പൂക്കളം പൂർത്തീകരിക്കാൻ 12 മണിക്കൂർ വേണ്ടിവന്നു.