കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 20 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്.ആശുപത്രി ഉപകരണങ്ങളും ശസ്ത്രക്രിയ ഉപകരണങ്ങളും വാങ്ങാനായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി 5,99,97,000 രൂപയും, ആശുപത്രി അനുബന്ധ സാമഗ്രികള്‍ക്കായി 4,11,37,000 രൂപയുമാണ് അനുവദിച്ചത്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ നിലവിലുണ്ടായിരുന്ന ഡോക്ടര്‍മാരേയും നഴ്‌സുമാരേയും സ്ഥിരപ്പെടുത്തി. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പുതുതായി ആരംഭിച്ചു. ഇതിലേക്ക് ഡോക്ടർമാരെ നിയമിച്ചു.
ലെവല്‍ 2 ട്രോമ കെയര്‍ നിർമാണം ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി 50.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് 20 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി നൽകിയതെന്നും വീണ ജോർജ് അറിയിച്ചു.