//
9 മിനിറ്റ് വായിച്ചു

നിയമസഭാ കയ്യാങ്കളി കേസ്: മന്ത്രി വി ശിവൻകുട്ടിയടക്കമുളള പ്രതികൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും

നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉൾപ്പെടെയുളള ആറ് എൽഡിഎഫ് നേതാക്കളാണ് കോടതിയിൽ ഹാജരാവുക. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത്.

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ രേഖയാണ് കേസ് പരിഗണിക്കുന്നത്. മന്ത്രി വി ശിവൻകുട്ടിക്കും ഇ പി ജയരാജനും പുറമേ കെ ടി ജലീൽ, മുൻ എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു കേസിനാസ്പദമായ നാശനഷ്ടങ്ങളുണ്ടായത്.

2.20 ലക്ഷം രൂപയുടെ പൊതുസ്വത്ത് നശിപ്പിച്ചെന്നാണ് കേസ്. അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹർജിയിൽ ഈ മാസം 26 ന് കോടതി വിശദമായ വാദം കേൾക്കും.

കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രതികളുടെ ആവശ്യം കോടതി തളളിയിരുന്നു. ഹൈക്കോടതിയിലെ വിടുതൽ ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ശിവൻകുട്ടി അടക്കമുള്ളവർ വാദിച്ചത്. കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് കേസിൽനിന്ന് ഒഴിവാകാൻ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!