/
9 മിനിറ്റ് വായിച്ചു

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന നിഷാമിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നിഷാമിന് പരമാവധി ശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി.

തൃശൂര്‍ സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞു, തനിക്ക് ജാമ്യം നല്‍കണം, കുറ്റം ബോധപൂര്‍വ്വമായിരുന്നില്ല തുടങ്ങിയ വാദങ്ങളായിരുന്നു ഹര്‍ജിയില്‍ പ്രധാനമായും നിഷാം ഉന്നയിച്ചിരുന്നത്. ജീവപര്യന്തവും 24 വര്‍ഷം മറ്റ് വകുപ്പുകള്‍ പ്രകാരമുള്ള തടവുമാണ് നിഷാമിന് ശിക്ഷ വിധിച്ചിരുന്നത്. ഇത് തുടര്‍ന്നും അനുഭവിക്കണമെന്ന് ഹര്‍ജി തള്ളിയ കോടതി വ്യക്തമാക്കി.

ജീവപര്യന്തം തടവിനുള്ള കുറ്റകൃത്യമല്ല നിഷാം ചെയ്തതെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ അപ്പീല്‍ തള്ളിയ കോടതി നിലവിലുള്ള ശിക്ഷ തുടരാനും നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചായിരുന്നു ഹര്‍ജികള്‍ പരിഗണിച്ചത്. 2015 ജനുവരിയിലായിരുന്നു നിഷാം സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത്. ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിഷാം കാറിടിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഫെബ്രുവരി 16 ന് ചന്ദ്രബോസ് മരണപ്പെട്ടു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!