ദേശീയപാത വികസനത്തിന്റെ ഭാഗമായി തിരൂരങ്ങാടി വി കെ പടിയിൽ മരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മരംമുറിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ തമിഴ്നാട് സേലം സ്വദേശി മഹാലിംഗം (32), സൂപ്പർവൈസർ ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ റജക് (24), തമിഴ്നാട് സേലം സ്വദേശി മുത്തുകുമാർ (42) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കോടതിയുടെ മുൻകൂർ അനുമതി ഇല്ലാതെ സംസ്ഥാനം വിടരുതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എടവണ്ണ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നുമാണ് ജാമ്യവ്യവസ്ഥ.50,000 രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യസംഖ്യക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് വിട്ടയക്കുന്നത്.ജില്ലാ ജഡ്ജി എസ് മുരളീകൃഷ്ണയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ സെപ്തംബർ രണ്ട് മുതൽ പ്രതികൾ റിമാൻഡിലാണ്.നേരത്തേ വനം കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദേശീയപാത വികസനത്തിനായി മരങ്ങൾ മുറിച്ചു മാറ്റുന്നതിടെ മുപ്പതിലേറെ പക്ഷികൾ ആണ് ചത്തത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് തൊഴിലാളികൾ അറസ്റ്റിലായത്.