കണ്ണൂർ : മൃഗസ്നേഹികളുടെ സഹായത്തോടെ തെരുവുനായകൾക്കുള്ള വാക്സിനേഷൻ തുടരുന്നു. നഗരത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരം, മാണിക്യക്കാവ് എന്നിവിടങ്ങളിൽ നിന്നാണ് ശനിയാഴ്ച വാക്സിൻ നൽകിയത്.ജില്ലാ മൃഗാസ്പത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. പി.കെ.പദ്‌മരാജന്റെ നേതൃത്വത്തിലാണ് വാക്സിൻ നൽകിയത്.നഗരത്തിൽ 48 നായകൾക്ക് വാക്സിൻ നൽകി.
എടക്കാട് പ്രദേശത്ത് നായകൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രദേശത്ത് പേബാധിച്ചതെന്നു കരുതുന്ന ഒരു നായയുടെ സാന്നിധ്യം കാരണം ഉദ്ദേശിച്ചപോലെ വാക്സിൻ നൽകാനായില്ല. പേ ബാധിച്ചതെന്ന് സംശയിക്കുന്ന നായയെ ഞായറാഴ്ച പിടികൂടാനാണ് തീരുമാനം.
നായകൾക്ക് പഞ്ചായത്തുതലത്തിൽ വാക്സിൻ നൽകാനുള്ള നടപടികൾ മുന്നോട്ടുപോവുകയാണ്. മൃഗസ്നേഹികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. എല്ലാ വെറ്ററിനറി ഡോക്ടർമാർക്കും പഞ്ചായത്ത് അംഗങ്ങൾക്കും ഇതുസംബന്ധിച്ച നിർദേശങ്ങൾ അറിയിച്ചിട്ടുണ്ട്. ജില്ലയിലെ 11 ബ്ലോക്കുകളിലും വാക്സിൻ നൽകുന്നതുസംബന്ധിച്ച് മീറ്റിങ്ങുകൾ നടന്നുകഴിഞ്ഞു.
എ.ബി.സി. സെന്ററിലേക്ക് വാക് ഇൻ ഇൻറർവ്യൂ
തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പടിയൂർ ഗ്രാമപ്പഞ്ചായത്തിലെ ഉദരത്തൂരിൽ പ്രവർത്തനമാരംഭിക്കുന്ന എ.ബി.സി. സെന്ററിലേക്ക് താത്‌കാലിക ജീവനക്കാരെ നിയമിക്കുന്നു.
വെറ്ററിനറി സർജൻ (യോഗ്യത: ബി.വി.എസ്‌സി. ആൻഡ് എ.എച്ച്.കെ.എസ്.വി.സി. രജിസ്‌ട്രേഷൻ), ഓപ്പറേഷൻ തിയേറ്റർ സഹായി (യോഗ്യത: പ്ലസ് ടു വി.എച്ച്.എസ്.ഇ. മൃഗസംരക്ഷണം), മൃഗപരിപാലകർ/ഡോഗ് കാച്ചേഴ്‌സ് (തെരുവുനായ്ക്കളെ പിടികൂടുന്നതിനുള്ള സന്നദ്ധത, ഉയർന്ന കായികക്ഷമത). എ.ബി.സി. പ്രോഗ്രാമിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
താത്‌പര്യമുള്ളവർ യോഗ്യത, അസൽ സർട്ടിഫിക്കറ്റ് സഹിതം 27-ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക. ഫോൺ: 0497 2700267.