കണ്ണൂർ : സെൻട്രൽ ജയിലിലേക്ക് പച്ചക്കറികൾ കൊണ്ടുവന്ന ചരക്ക് ഓട്ടോയിൽ കഞ്ചാവ് കടത്തിയെന്ന ആരോപണത്തിൽ ടൗൺ പോലീസ് കേസെടുത്തു. ജയിൽ അധികൃതരുടെ പരാതിപ്രകാരമാണ് കേസെടുത്തത്. പ്രതി ആരാണെന്ന് കണ്ടെത്തിയിട്ടില്ല.പച്ചക്കറിവണ്ടിയിൽ രണ്ട് പൊതികൾ എത്തിച്ചുവെന്നാണ് ആരോപണം.
സാധനം കൊണ്ടുവരുന്ന ഓട്ടോറിക്ഷയിൽ മൂന്നുകിലോയോളം കഞ്ചാവ് കടത്തിയതാണ് അറിയുന്നത്. ജയിലിലേക്കുള്ള പച്ചക്കറി എന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയതെന്ന് സംശയമുണ്ട്. കഞ്ചാവ് പിടികൂടിയ വിവരം തിങ്കളാഴ്ച തന്നെ ടൗൺേപാലീസിനെ അറിയിച്ചിച്ചെങ്കിലും ചൊവ്വാഴ്ചയാണ് കേസെടുത്തത്.
ഇത്രയധികം കഞ്ചാവ് എങ്ങനെ ജയിലിൽ കടത്തി എന്നുള്ള കാര്യം ജയിൽ സൂപ്രണ്ട് തലത്തിൽ അന്വേഷിക്കുന്നുണ്ട്.കടത്തിയവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല.
പച്ചക്കറി കൊണ്ടുവരുന്ന ഗുഡ്സ് ഓട്ടോ വഴിയാണോ കഞ്ചാവ് എത്തിച്ചതെന്നും വ്യക്തമല്ല. പുറത്ത് നിന്നുള്ള ഒരു സംഘം തന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നാണറിയുന്നത്.