/
11 മിനിറ്റ് വായിച്ചു

ഭക്ഷണം വിളമ്പും, പത്രമെത്തിക്കും; ‘റിച്ച്മഹലി’ൽ : താരമായി ‘ആൻഡ്രോയ്ഡ് പാത്തൂട്ടി’

കൂത്തുപറമ്പ് : വേങ്ങാട്മെട്ട കരയംതൊടിയിൽ ‘റിച്ച് മഹലി’ലിപ്പോൾ ഭക്ഷണം വിളമ്പുന്നതും പത്രം മുറികളിലെത്തിക്കുന്നതും വീട്ടിലെത്തിയ ‘പാത്തൂട്ടി’യെന്ന റോബോട്ടാണ്. വേങ്ങാട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. എച്ച്.എസ്.എസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥി മുഹമ്മദ് ഷിയാദ്‌ നിർമിച്ച ഈ റോബോട്ട്‌ ഇന്ന് നാട്ടിലും വീട്ടിലും താരമായിരിക്കുകയാണ്‌.

പഠനത്തിനുള്ള പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച റോബോട്ടിനെ മാതാവ് സറീനയ്ക്ക് സഹായിയാക്കി മാറ്റുകയായിരുന്നു ഷിയാദ്.പ്ലാസ്റ്റിക് സ്റ്റൂൾ, അലൂമിനിയം ഷീറ്റ്, ഫീമെയിൽ ഡമ്മി, സെർവിങ്‌ പ്ലേറ്റ് തുടങ്ങിയവയാണ് റോബോട്ടിന്റെ നിർമാണത്തിനുപയോഗിച്ചത്.എം.ഐ.ടി. ആപ്പ് വഴി നിർമിച്ച മൊബൈൽ ആപ്ലിക്കേഷനും അഡ്മെഗാ മൈക്രോ കൺട്രോളറും ഐ.ആർ. അൾട്രാസോണിക് സെൻസറുമാണ് റോബോട്ടിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.

ഓട്ടോമാറ്റിക്കായും മാന്വലായും റോബോട്ട് പ്രവർത്തിക്കും.സഹപാഠി അർജുനും നിർമാണത്തിൽ സഹായിയായി. സറീന അനുയോജ്യമായ വസ്ത്രമണിയിച്ച് ‘പാത്തൂട്ടി’യെ സുന്ദരിയുമാക്കി. 10,000 രൂപയോളമേ ചെലവ് വന്നുള്ളൂ.ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുമ്പോൾ അടുക്കളയിൽനിന്ന് ഡൈനിങ്‌ ഹാളിലേക്ക് പരസഹായം കൂടാതെ സഞ്ചരിക്കും.

ആപ്ലിക്കേഷനിൽ സജ്ജീകരിച്ച നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്.വഴിയില്ലാത്ത സ്ഥലങ്ങളിൽ കൊണ്ടുപോകേണ്ടിവന്നാൽ മാന്വൽ മോഡിലാണ് പ്രവർത്തിക്കുക. അഞ്ച്, ആറ് കിലോ ഭാരം വഹിച്ചുനടക്കാൻ ‘പാത്തൂട്ടി’ക്ക് സാധിക്കും.

പ്രത്യേകമൊരുക്കിയ പാത്ത് (വഴി) തിരിച്ചറിഞ്ഞു സഞ്ചരിക്കുന്നതിനാലാണ് ‘പാത്തൂട്ടി’ എന്ന് പേരിട്ടതെന്ന് ഷിയാദ് പറഞ്ഞു. പാപ്പിനിശ്ശേരി ഹിദായത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.കെ.അബ്ദുറഹ്‌മാനാണ് ഷിയാദിന്റെ പിതാവ്.പിതാവിന്റെ കോളേജ് കാല അനുഭവക്കുറിപ്പ് നേരത്തേ ഷിയാദ് ഡോക്യുമെന്ററിയാക്കിയത് ശ്രദ്ധേയമായിരുന്നു.ഷിയാസ് സഹോദരനാണ്. പാത്തൂട്ടിയെ കാണാനായി ഒട്ടേറെപ്പേർ ‘റിച്ച് മഹലി’ലെത്തുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!