പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം നടത്തിയിരുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 12ന് പട്നയില്‍ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതിയെന്നും കേരളത്തില്‍ നിന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കണ്ണൂര്‍ സ്വദേശി ഷെഫീക്ക് പായത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്ക് നേരെയും തന്ത്രപ്രധാന സ്ഥലങ്ങളിലും ഒരേസമയം ആക്രമണം നടത്താന്‍ പദ്ധതിയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇതിനായി ആയുധങ്ങളും, സ്ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഷെഫീക്ക് ഈ ബന്ധങ്ങള്‍ വഴി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചെന്നും റിപ്പോര്‍ട്ടില്‍ ഇഡി പറയുന്നുണ്ട്.
120 കോടി രൂപ വിദേശത്ത് നിന്നും സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപമുണ്ടാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പണം സമാഹരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പണം നിക്ഷേപിച്ച പലരും അജ്ഞാതരും സംശയിക്കപ്പെടുന്നവരുമാണ്. ഷെഫീക്ക് പായത്ത് എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലെത്തിച്ച പണം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് റൗഫ് ഷെരീഫിനും റിഹാബ് ഇന്ത്യ ഫൗണ്ടേഷനും നല്‍യിട്ടുണ്ടെന്നും ഇഡി പറയുന്നു .