സിപിഐ സംസ്ഥാന സമ്മേളനം സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്നുവരെയുള്ള തിയതികളില്‍ നടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 30-ാം തിയതി വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും.
പതാക, ബാനര്‍, കൊടിമര ജാഥകളുടെ സംഗമവും പൊതുസമ്മേളനവും അന്ന് നടക്കുമെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നാം തിയതി രാവിലെ പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.മൂന്നാം തിയതി പുതിയ സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പോടെ സംസ്ഥാന സമ്മേളനത്തിന് സമാപനമാകുമെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചു.
മത്സരമുണ്ടാകുമെന്ന് തനിക്ക് ആശങ്കയില്ലെന്നാണ് കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറയുന്നത്. ആഭ്യന്തര ജനാധിപത്യം പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് അനുസരിച്ചാണ്. താന്‍ തുടരുമെന്നോ ഒഴിവാകുമെന്നോ ഇപ്പോള്‍ പറയുന്നില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
സമ്മേളന പരിപാടികളില്‍ നിന്ന് ആനി രാജയെ ഒഴിവാക്കിയത് അല്ലെന്നും കാനം രാജേന്ദ്രന്‍ വിശദീകരിച്ചു. ദേശീയ കൗണ്‍സിലാണ് പട്ടിക തയാറാക്കിയതെന്നും കാനം കൂട്ടിച്ചേര്‍ത്തു. 563 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.