ഒമാനിലെ മുഴുവൻ മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അത്യാവശ്യഘട്ടത്തിൽ ഒരു കൈത്താങ്ങായി വീണ്ടും ഒമാൻ മലയാളികൾ. ഒമാൻ മലയാളികൾ എന്ന വാട്സാപ്പ് കൂട്ടായ്മയും, ആസ്റ്റർ ഹോസ്പിറ്റലും ചേർന്ന് അവതരിപ്പിക്കുന്ന ഒരു ബൃഹത്തായ ആരോഗ്യ സംരക്ഷണ പദ്ധതിയാണ് “ജീവ ആരോഗ്യപദ്ധതി “
ഈ പദ്ധതി പ്രകാരം ഒമാൻ മലയാളികൾ വാട്സ്ആപ്പ് ഗ്രൂപ്പിലെ അൻപതിനായിരത്തോളം വരുന്ന അംഗങ്ങൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.ഒരംഗത്തിന് തന്റെ കുടുംബത്തിൽ നിന്നും പരമാവധി അഞ്ചുപേരെ വരെ ഈ പദ്ധതിയിൽ ചേർക്കാവുന്നതാണ്. അതിലൂടെ ഏകദേശം രണ്ടരലക്ഷം ആളുകൾക്ക് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കും എന്നതാണ് ഏറ്റവും വലിയ നേട്ടം.
ഒമാനിലെ അൽഘുബ്ര, സോഹാർ, ഇബ്രി, സലാല എന്നിവിടങ്ങളിലെ ആസ്റ്റർ ആശുപത്രികളിലും അൽഖുഊദ്, അമറാത്, മബെല, ലിവ, സുവൈഖ്, സോഹാർ, ഇബ്രി എന്നീ മെഡിക്കൽ പോളിക്ലിനിക്കുകളിലും ഈ പ്രയോജനം ലഭിക്കുമെന്നത് കൂടാതെ കേരളത്തിലുള്ള കണ്ണൂർ, കോഴിക്കോട്, കൊച്ചി, കോട്ടക്കൽ എന്നിവിടങ്ങളിലായി ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആസ്റ്റർ മിംസ് ആശുപത്രികളിലും,UAE യിൽ സ്ഥിതി ചെയ്യുന്ന എല്ലാ ആശുപത്രികളിലും ക്ലിനികുകളിലും ഈ പദ്ധതി ലഭ്യമാകും.
ഈ പദ്ധതിയിൽ അംഗമാകുന്നതിന് പ്രത്യേക ഗൂഗിൾ ഫോം പൂരിപ്പിച്ചു അയക്കേണ്ടതാണ്. പൂരിപ്പിച്ച ഗൂഗിൾ ഫോം ഒമാൻ മലയാളികൾ ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് വിലയിരുത്തിയതിനു ശേഷം നൽകുന്ന യൂണിക്ക് ഐ ഡി ഉണ്ടെങ്കിൽ മാത്രമേ അംഗങ്ങൾക്ക് ഈ പദ്ധതി ലഭ്യമാകൂ. ഒമാൻ മലയാളികൾ വാട്സ്ആപ്പ് ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ റഹിം വെളിയംകോടും ആസ്റ്റർ ഡി എം ഹെൽത്ത്കെയർ ഗ്രൂപ്പ് റീജിയണൽ ക്ലസ്റ്റർ ഡയറക്ടർ ഫർഹാൻ യാസിനും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.
പത്രസമ്മേളനത്തിൽ ഒമാൻ മലയാളികൾ വാട്സ്ആപ്പ് ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ റഹിം വെളിയംകോടും , ഗ്രൂപ്പ് കോർഡിനേറ്ററും ഏഷ്യ വിഷൻ റീജിയണൽ മാനേജരുമായ ബഷീർ ശിവപുരം, ഗ്രൂപ്പ് കോർഡിനേറ്ററും രക്ഷാധികാരിയുമായ അഷ്‌റഫ് ചാവക്കാട്, ആസ്റ്റർ ഡി എം ഹെൽത്ത്കെയർ ഗ്രൂപ്പ് പ്രതിനിധികളായി C. E. O. ഡോക്ടർ ആഷേന്തു പാണ്ടേ, മെഡിക്കൽ ഡയറക്ടർ ഡോക്ടർ ആഷിക് സൈനു, C. O. O. ഡോക്ടർ ഷിനൂപ് രാജ്, C.M.S-മസ്കറ്റ് ദിലീപ് അബ്ദുൾ ഖാദർ, സിറാജ്ജുദ്ധീൻ തോട്ടത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, ആസ്റ്റർ ഹോസ്പിറ്റൽസ് ദുബായ്, മാർക്കറ്റിംഗ് മാനേജർ സുമിത്ത് കുമാർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്സ് ആയ റമീസ് അബ്ദുൽ റഷീദ്, ഫസൽ റഹ്‌മാൻ, സിജിൽ ബുവൻ എന്നിവരും സംബന്ധിച്ചു .