കണ്ണൂർ നഗരത്തിന് 9 ദിനത്തെ ആഘോഷങ്ങളുടെ രാവുകൾ സമ്മാനിച്ചുകൊണ്ട് കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് തുടക്കമായി.കണ്ണൂർ ദസറയുടെ ഔപചാരിക ഉദ്ഘാടനം നിലവിളക്ക് തെളിയിച്ചു കൊണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു.
കോവിഡ് മഹാമാരിക്ക് ശേഷം ജനങ്ങൾക്ക് ഒരുമിച്ചു കൂടാനുള്ള അവസരമാണ് കണ്ണൂർ ദസറയിലൂടെ കൈവന്നിരിക്കുന്നത് എന്നും ഇത്തരം വേദിയൊരുക്കിയ കണ്ണൂർ കോർപ്പറേഷന് പ്രത്യേക അഭിനന്ദനങ്ങൾ നേരുന്നു എന്നും ഉദ്ഘാടന പ്രസംഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. തിന്മക്കെതിരെ നന്മയുടെ വിജയം കൂടിയാണ് ദസറ ആഘോഷത്തിലൂടെ നൽകുന്ന സന്ദേശം എന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദൻ ചടങ്ങിൽ മുഖ്യാതിഥിയായി.ദസറ ആഘോഷങ്ങൾ ഏറ്റവും കൂടുതലായി നടക്കുന്നത് ഉത്തരേന്ത്യയിൽ ആണെന്നും
കീഴാളർക്ക് രാമായണ നാടക കഥാപാത്രങ്ങളിലൂടെ ആണെങ്കിലും ദൈവത്തിന്റെ പദവി ലഭിക്കുന്ന അസുലഭ അവസരമാണ് ഉത്തരേന്ത്യയിൽ ദസറ ആഘോഷങ്ങളിലൂടെ കൈവരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അടിച്ചമർത്തപ്പെട്ടവരുടെ സന്ദേശമാണ് ഈ ഉത്സവത്തിന്റെ സാമൂഹ്യ പ്രസക്തി എന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല കോവിഡിന് ശേഷം മാസ്കില്ലാതെ ജനങ്ങളുടെ ചിരിച്ച മുഖം കാണുന്ന ആഘോഷ അവസരം കൂടിയാണ് കണ്ണൂർ ദസറ ആഘോഷങ്ങളിലൂടെ കൈവന്നിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മേയർ അഡ്വ. ടി ഒ മോഹനൻ അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഐ എ എസ്, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, സിനിമാതാരം വിനീത് കുമാർ, ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, അഡ്വ റഷീദ് കവ്വായി, അഡ്വ അബ്ദുൽ കരീം ചേലേരി, വെള്ളോറ രാജൻ, എൻ ഹരിദാസ്, സുമ ബാലകൃഷ്ണൻ, ഇ പി ലത, സി സീനത്ത്,സുരേഷ് ബാബു എളയാവൂർ, എൻ സുകന്യ, കെ എൻ ജയരാജ്, എ വി അജയകുമാർ, സിജി ഉലഹന്നാൻ, കെ സി രാജൻ മാസ്റ്റർ, വി ജ്യോതിലക്ഷ്മി,
കെ സജീവൻ തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം പി രാജേഷ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, വി കെ ഷൈജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.
നേരത്തെ കോർപ്പറേഷൻ കൗൺസിലർമാരും ജീവനക്കാരും അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്.ഉദ്ഘാടന ചടങ്ങിന് ശേഷം ധ്വനി അജിത്ത് അവതരിപ്പിച്ച ഭരതനാട്യം കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിൾ ട്രസ്റ്റ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടന്നു.