തിരുവനന്തപുരം : യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും. ഈ മാസം 12 വരെയാണ് വിവിധ രാജ്യങ്ങളിലെ സന്ദർശനം. ദില്ലിയിൽ നിന്നും ഫിൻലാണ്ടിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്. തുടർന്ന് നോർവേ സന്ദർശനത്തിൽ മന്ത്രിമാരായ പി രാജീവും വി അബ്ദു റെഹ്മനും ഒപ്പമുണ്ടാകും. ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. സന്ദർശനത്തിൽ വീഡിയോ കവറേജ് ഉണ്ടാകും. ഇന്ത്യൻ എംബസി മുഖേനെ 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദർശനം നേരത്തെ വലിയ വിവാദമായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെ വിശദീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയ സ്ഥിതിയുണ്ടായി. മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് സാഹചര്യവും സാധ്യതയും ഒരുക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരിച്ചത്. ഫിൻലന്‍ഡിലെ വിദ്യാഭ്യാസ മോഡൽ പഠിക്കുന്നതിനാണ് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദർശനം. ഫിൻലാൻഡ് വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ബഹുരാഷ്ട്ര കമ്പനികൾ സന്ദർശിച്ച് നിക്ഷേപം ക്ഷണിക്കും. നോക്കിയ കമ്പനിയുമായി ചർച്ച നടത്തും. സൈബർ രംഗത്തെ സഹകരണം ചർച്ചയാകും. ടൂറിസം ആയൂർവേദ മേഖലകളിലെ സഹകരണവും ലക്ഷ്യം. മാരിടൈം മേഖലയിലെ സഹകരണം ലക്ഷ്യമാക്കിയാണ് നോര്‍വെ സന്ദര്‍ശിക്കുന്നത്. ഉരുൾപ്പൊട്ടൽ അടക്കം പ്രകൃതി ക്ഷോഭങ്ങളെ നേരിടാനുള്ള പ്രവർത്തനങ്ങളും പഠിക്കും. ലോക കേരള സഭയുടെ യൂറോപ്യൻ മേഖലാ കോൺഫറൻസ് ഇത്തവണ ലണ്ടനിലാണ് നടക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യുകെയാണ് സന്ദര്‍ശിക്കുക. ടൂറിസം മന്ത്രി പരീസും സന്ദര്‍ശിക്കും.