കണ്ണൂർ ചാല നടാൽ ബൈപ്പാസ് റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.കോഴിക്കോട് തിരുവമ്പാടി ബസ്സ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കന്യക ഫാൻസി ഉടമ വിയ്യോത്ത് സംഗീത് (36) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് അപകടം. കണ്ണുരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തലശ്ശേരിയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. തിരുവമ്പാടി മാർക്കറ്റിങ് സൊസൈറ്റി റിട്ട. ജീവനക്കാരൻ ശേഖരന്റെ മകനാണ്.
റോഡിൽ തെറിച്ചുവീണ സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.മൃതദേഹം ചാലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.